ആവേശത്തില്‍ ആറാടി കൊട്ടിക്കലാശം: തൃക്കാക്കരയില്‍ ഇനി നിശബ്ദ പ്രചാരണം; വിധിയെഴുത്ത് ചൊവ്വാഴ്ച

Jaihind Webdesk
Sunday, May 29, 2022

 

കൊച്ചി : ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തൃക്കാക്കരയില്‍ കൊട്ടിക്കലാശം. വീറും വാശിയും നിറഞ്ഞ ആരോപണ പ്രത്യാരോപണങ്ങളുടെ വാക്ശരങ്ങള്‍ക്ക് വേദിയായ തൃക്കാക്കരയുടെ മണ്ണില്‍ ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് കരുത്ത് കാട്ടാന്‍ മുന്നണികള്‍ കച്ച കെട്ടിയപ്പോള്‍ അക്ഷരാർത്ഥത്തില്‍ തൃക്കാക്കര ആവേശക്കടലായി.

 

 

കൊട്ടിക്കലാശത്തിന് മുന്നോടിയായി യുഡിവൈഎഫിന്‍റെ നേതൃത്വത്തില്‍ നടത്തിയ മെഗാ റോഡ് ഷോ മണ്ഡലത്തെ മൂവർണ്ണക്കടലാക്കി.  യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിനൊപ്പം നേതാക്കളും പ്രവർത്തകരും അണിനിരന്നപ്പോള്‍ തൃക്കാക്കരയില്‍ ആവേശം അലതല്ലി. ഉമാ തോമസിന്‍റെ വാഹനത്തിന് അകമ്പടിയായി എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, അന്‍വർ സാദത്ത്, ഷാഫി പറമ്പില്‍, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കുകളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകർ അണിനിരന്നു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. തൃക്കാക്കരയുടെ വീഥികളെ പ്രകമ്പനം കൊള്ളിച്ച് കടന്നുപോയ റോഡ് ഷോ യുഡിഎഫിന്‍റെ കരുത്ത് വിളിച്ചോതി. കടന്നുപോയ വഴികളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കാന്‍ പാതയോരങ്ങളില്‍ ജനങ്ങളും തടിച്ചുകൂടിയിരുന്നു.

 

 

തുടർന്ന് പാലാരിവട്ടത്ത് നടന്ന കൊട്ടിക്കലാശത്തില്‍ ആവേശം പരകോടിയിലെത്തി. ആര്‍പ്പുവിളിച്ചും മുദ്രാവാക്യം വിളികളോടെയും പ്രവർത്തകർ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പരസ്യപ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം അവസാനിക്കാറായതോടെ പാലാരിവട്ടത്തിന്‍റെ അന്തരീക്ഷം മുദ്രാവാക്യം വിളികളാല്‍ നിറഞ്ഞു. ഒടുവില്‍ 6 മണി ആയതോടെ ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിന് തിരശീല വീണു. തൃക്കാക്കരയില്‍ ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്.  ചൊവ്വാഴ്ച തൃക്കാക്കരയിലെ ജനം വിധിയെഴുതും.  ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.