ജമ്മു-കശ്മീരിലെ ശ്രീനഗറിൽ മൂന്ന് ഭീകരരെ വധിച്ചു. ശ്രീനഗറിലെ പന്താചോക്കിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്കും ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരവും പിടികൂടി.
ശ്രീനഗറിനടുത്ത് പാന്താചോക്കില്‍ രാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരനായ സുഹൈല്‍ അഹമ്മദ് റാഥേര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 13ന് സേവാനില്‍ പൊലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് സുഹൈല്‍. അന്നത്തെ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ അനന്ത്‌നാഗിലും കുല്‍ഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് പേരെ കൂടി വധിച്ചതോടെ ജമ്മു-കശ്മീര്‍ പോലീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.