തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ ആശുപത്രിയില്‍

Jaihind Webdesk
Friday, January 26, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരം വെള്ളായണി കായലിൽ വവ്വാ മൂലയിലാണ് അപകടം. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണ് വവ്വാ മൂല. എന്നാല്‍ അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. നാലുപേരും കുളിക്കാനിറങ്ങിയിരുന്നു. തുടർന്ന് മൂന്നുപേര്‍ ചെളിയില്‍ കുടുങ്ങി മുങ്ങി താഴ്കുകയായിരുന്നു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരെത്തിയാണ് മൂന്നു വിദ്യാര്‍ത്ഥികളെയും പുറത്തെടുത്തത്.