കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി: മറ്റുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം

Jaihind Webdesk
Thursday, July 25, 2019

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ലയിച്ചിട്ടും ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎല്‍എ ആര്‍ ശങ്കര്‍, വിമത് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി. സഖ്യസര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും.
വിശ്വാസ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്ന 15 എംഎല്‍എമാരെ അയോഗ്യനാക്കാന്‍ കോണ്‍ഗ്രസും ദളും സ്പീക്കര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാറിന്റെ അറിയിപ്പ്. കുമാരസ്വാമി സര്‍ക്കാര്‍ രാജിവെയ്ക്കുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നു.
കുമാരസ്വാമി സര്‍ക്കാര്‍ രാജിവെച്ചിട്ട് രണ്ടു ദിവസമായിട്ടും ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയേക്കും എന്നാണ് സൂചനകള്‍. സംസ്ഥാനത്ത് താല്‍ക്കാലികമായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.