ഇടുക്കിയില്‍ ഷവർമ കഴിച്ച് മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടല്‍ പൂട്ടിച്ചു

Jaihind Webdesk
Saturday, January 7, 2023

 

ഇടുക്കി: നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു.  നെടുങ്കണ്ടം ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. ഏഴ് വയസുള്ള കുട്ടിയ്ക്കും ഗൃഹനാഥനും പ്രായമായ സ്ത്രീയ്ക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടി.

പുതുവത്സര ദിനത്തിലാണ് സംഭവം. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ നെടുങ്കണ്ടം സ്വദേശിയായ ബിബിന്‍, ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് ഷവര്‍മ വാങ്ങി. ഹോം ഡെലിവറിയായാണ് വീട്ടില്‍ എത്തിച്ച് നല്‍കിയത്. രാത്രിയോടെ ബിബിന്‍റെ ഏഴ് വയസുള്ള മകന്‍ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസം ബിബിനും അമ്മ ലിസിയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ്ആരോഗ്യ വകുപ്പ് ഇന്ന് ഹോട്ടലില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ വൃത്തിഹീനമെന്ന് കണ്ടെതിനെ തുടര്‍ന്ന് സ്ഥാപനം അടച്ച് പൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.