മൂന്ന് രാജ്യസഭാ എംപിമാർക്ക് കൂടി സസ്പെന്‍ഷന്‍; നടപടി നേരിട്ടവരുടെ എണ്ണം 27 ആയി

Jaihind Webdesk
Thursday, July 28, 2022

ന്യൂഡല്‍ഹി: എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്ന നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാജ്യസഭയില്‍ വീണ്ടും സസ്പെന്‍ഷന്‍. മൂന്ന് എംപിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ പാർലമെന്‍റില്‍ നടപടി നേരിട്ടവരുടെ എണ്ണം 27 ആയി. 23 രാജ്യസഭാ എംപിമാരും 4 ലോക്സഭാ എംപിമാരുമാണ് ഇതുവരെ നടപടി നേരിട്ടത്. അതേസമയം സസ്പെന്‍ഷനിലായ എംപിമാർ പാർലമെന്‍റ് വളപ്പില്‍ രാപ്പകല്‍ സമരം തുടരുകയാണ്.

രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികൾ തടസപ്പെടുത്തുകയും പ്ലക്കാർഡുകൾ ഉയർത്തുകയും സഭാ ചട്ടങ്ങൾ ലംഘിച്ച് പ്രതിഷേധിക്കുകയും ചെയ്തെന്ന് കാട്ടിയാണ്  സസ്പെൻഷന്‍. ആം ആദ്മി പാർട്ടി (എഎപി) എംപിമാരായ സുശീൽ കെ.ആർ ഗുപ്ത, സന്ദീപ് കെ.ആർ പതക്, സ്വതന്ത്ര എംപി അജിത് കുമാർ ഭൂയാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവച്ചു. ഇതോടെ രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്ത എംപിമാരുടെ എണ്ണം 23 ആയി.

ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ പാർലമെന്‍റില്‍ ഉയര്‍ത്താന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ സഭയില്‍ പ്ലക്കാർഡുകള്‍ ഉയർത്തി പ്രതിഷേധിച്ചതിനാണ് ലോക്സഭയില്‍ 4 കോണ്‍ഗ്രസ് എംപിമാർക്കെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍‍ അവതരിപ്പിക്കാന്‍ അനുവദിക്കാത്തതിനെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്.