ചീഫ് ജസ്റ്റിസിനെതിരായുള്ള ലൈംഗികാരോപണം മൂന്നംഗ സമിതി അന്വേഷിക്കും

Jaihind Webdesk
Wednesday, April 24, 2019

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി ഉന്നയിച്ച ലൈംഗിക പരാതി അന്വേഷിക്കാന്‍ മൂന്നംഗ സമിതി. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് എന്‍.വി.രമണ, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് പരാതിയിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക.

ജുഡീഷ്യല്‍ അന്വേഷണമായിരിക്കില്ല, മറിച്ച് വകുപ്പ്തല അന്വേഷണമായിരിക്കും നടക്കുക. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അന്വേഷണം ആരംഭിക്കും.

‘അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത് ചീഫ് ജസ്റ്റിസ് തന്നെയാണ്. എന്നോട് അത് ചെയ്യാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയോടും ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയോടും അന്വേഷണത്തില്‍ പങ്കാളികളാകാന്‍ ഞാന്‍ തന്നെയാണ് ആവശ്യപ്പെട്ടത്. ഇത് കോടതിയും അംഗീകരിച്ചു,’ ജസ്റ്റിസ് ബോബ്‌ഡേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് ജസ്റ്റിസ് ബോബ്‌ഡെ. സീനിയോരിറ്റിയില്‍ തൊട്ടുതാഴെ ജസ്റ്റിസ് രമണയാണ്. സുപ്രീം കോടതിയിലെ മൂന്ന് വനിതാ ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ബാനര്‍ജി.

ജസ്റ്റിസിനെ പീഡനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ ഉത്സവ് ബെയ്ന്‍സിന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ലൈംഗിക പരാതി അന്വേഷിക്കാന്‍ ജസ്റ്റിസുമാരുടെ സമിതിയെ നിയമിച്ചിരിക്കുന്നത്. സമിതി ആദ്യം യുവതിയുടെ മൊഴി രേഖപ്പെടുത്തും.

ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച സ്ത്രീക്കു വേണ്ടി കേസ് വാദിക്കുകയാണെങ്കില്‍ തനിക്ക് 50 ലക്ഷം രൂപ തരാമെന്ന് വാഗ്‌ദാനം ഉണ്ടായിരുന്നുവെന്നും പിന്നീട് ഈ തുക ഒന്നരക്കോടി രൂപയായി ഉയര്‍ന്നുവെന്നും അഡ്വ.ഉത്സവ് ബെയ്ന്‍സ് തന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അജയ് എന്നൊരാള്‍ തന്നെ സമീപിച്ചതായും ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താന്‍ അയാള്‍ തന്നോട് ആവശ്യപ്പെട്ടതായും അഭിഭാഷകന്‍ പറയുന്നു.

പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിഷേധിച്ചു. ഇത്തരം ആരോപണം ഉയര്‍ത്തി ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവര്‍ത്തനരഹിതമാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ജുഡീഷ്യറി വലിയ ഭീഷണി നേരിടുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്ത ആഴ്ച പ്രധാനപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണയ്ക്ക് വരുന്നു. അതിനാലാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

20 വര്‍ഷത്തെ സേവനത്തിന് ചീഫ് ജസ്റ്റിസിന് കിട്ടിയ പാരിതോഷികമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. 20 വര്‍ഷമായിട്ടും 6,80,000 രൂപ മാത്രമാണ് എന്റെ അക്കൗണ്ടിലുളളത്. ആര്‍ക്കുവേണമെങ്കിലും ബാലന്‍സ് പരിശോധിക്കാം. എന്റെ ശിപായിക്കുപോലും ഇതിലധികം പണം ഉണ്ടാകും. വിരമിക്കുന്നതുവരെ തന്റെ ഡ്യൂട്ടിയില്‍നിന്നും മാറി നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.