സംസ്ഥാനത്ത് മൂന്ന് ദിവസം കർശന പരിശോധന; ജാഥകള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്ക്

Jaihind Webdesk
Monday, December 20, 2021

തിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിര്‍ദേശം. ആലപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കൂ.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. പ്രശ്നസാധ്യതയുളള സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തും. വാറന്‍റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.