ക്ഷേത്രത്തിന് സമീപം പശുവിന്‍റെ അവശിഷ്ടം; മുസ്‌ലീങ്ങളെയെല്ലാം കൊന്നുതള്ളുമെന്ന് ഭീഷണി, അന്വേഷണം

Jaihind Webdesk
Tuesday, June 25, 2024

 

ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപം പശുവിന്‍റെ തല കണ്ടെത്തിയതിന് പിന്നാലെ മുസ്‌ലീങ്ങളെയെല്ലാം കൊന്നുതള്ളുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള മുസ്‌ലീങ്ങളെയെല്ലാം കൊന്നൊടുക്കുമെന്ന് ബിജെപി നേതാവ് പറയുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പശുവിന്‍റെ അവശിഷ്ടം കണ്ടെത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘർഷം ഉടലെടുത്തിരുന്നു.

ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പരാതി ലഭിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു. ഭീഷണി പ്രസംഗത്തിനെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചത്. ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കുമെന്നും പോലീസ് പറയുന്നു. പശുവിന്‍റെ അവശിഷ്ടങ്ങൾ കൊണ്ടിട്ടവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ചിലർ പോലീസിനെതിരെ കയർക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയിൽ കാണുന്ന പോലീസുകാരനോട് ഭീഷണി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയും ഉറവിടവും പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

ദൃശ്യങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന ആള്‍ ബിജെപിയുടെ ഷാള്‍ അണിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇയാളെ തള്ളി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പശുവിനെ കൊന്ന സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്. പശുവിന്‍റെ അവശിഷ്ടങ്ങൾ ക്ഷേത്രത്തിലേക്ക് നായ കടിച്ചു കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസിലാകുന്നതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.