‘അവസാനത്തെ താക്കീതാണിത്, ഭരണം പോയാലും ഞങ്ങളത് ചെയ്തിരിക്കും’; കെ.കെ രമയ്ക്ക് ‘പയ്യന്നൂർ സഖാക്കളുടെ’ ഭീഷണിക്കത്ത്

Jaihind Webdesk
Wednesday, March 29, 2023

 

കെ.കെ രമ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. പയ്യന്നൂർ സഖാക്കള്‍ എന്ന പേരില്‍ അയച്ച കത്തിലാണ് ഭീഷണി. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ തീരുമാനം നടപ്പിലാക്കുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിക്കണമെന്നും ഇല്ലെങ്കില്‍ ഭരണം പോയാലും തീരുമാനം നടപ്പിലാക്കുമെന്നും കത്തിലുണ്ട്.

‘എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ? കയ്യൊടിഞ്ഞു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ നോക്കുകയാണ് അല്ലേ? നിനക്കുള്ള അവസാനത്തെ താക്കീതാണിത്. കേസ് പിൻവലിച്ച് മാപ്പ് പറയുക. അല്ലെങ്കിൽ കടുത്ത നടപടിക്ക് മറുപടി പറയേണ്ടിവരും. ഒരു മാസത്തെ അവധി നിനക്ക് അവസാനമായി തരുന്നു. അടുത്ത മാസം 20-ാം തീയതിക്കുള്ളിൽ ഒരു തീരുമാനം ഞങ്ങൾ നടപ്പിലാക്കും. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് നിനക്ക് നല്ലപോലെ അറിയാമല്ലോ! ഭരണം പോയാലും തരക്കേടില്ല. ഞങ്ങളത് ചെയ്തിരിക്കും’

പയ്യന്നൂർ സഖാക്കള്‍

ലാല്‍സലാം.

 

നിയമസഭയില്‍ പ്രതിപക്ഷ അവകാശം ഹനിക്കുന്ന നടപടിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തില്‍ കെ.കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ രമയുടെ പരിക്ക് വ്യാജമാണെന്ന് സൈബറിടങ്ങളില്‍ വ്യാപക പ്രചാരണം നടന്നു.  ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയ സച്ചിൻ ദേവ് എംഎൽഎക്കെതിരെ  പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ തീരുമാനം. ഇതിന് പിന്നാലെയാണിപ്പോള്‍ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.