വയനാട്ടില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭീഷണി. സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്ററാണ് പഠിതാക്കളെ ഭീഷണിപ്പെടുത്തിയത്.’തുടര്‍വിദ്യാഭ്യാസ സെമിനാറിലും എക്സിബിഷനിലും നിര്‍ബന്ധമായും പങ്കെടുക്കണം’ എന്നാണ് ഭീഷണി. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മനസ്സിലാക്കണമെന്ന് കോഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. സഹകരിക്കാത്തവരെ നോട്ട് ചെയ്യും; തിരിച്ചങ്ങോട്ടും സഹകരണം പ്രതീക്ഷിക്കരുത്’. ഇതായിരുന്നു ഭീഷണി. പരിപാടിയില്‍ പങ്കെടുക്കാത്തവരെ പരീക്ഷയെഴുതിപ്പിക്കില്ലെന്നും വാട്സപ്പില്‍ ശബ്ദ സന്ദേശം. പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ നിര്‍ദേശവും സന്ദേശത്തില്‍ നല്കുന്നു. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ, പനമരം സെന്ററുകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ ആണ് സന്ദേശം എത്തിയത്.
നാല് വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന സര്‍ക്കാരിന് ആഘോഷ പരിപാടിക്കു ആളെക്കൂട്ടാന്‍ പോലും ഭീഷണിപ്പെടുത്തി കൊണ്ടുവരേണ്ട അവസ്ഥയാണ്. ജനങ്ങളുടെ സ്വീകാര്യത ലഭിക്കുന്നുണ്ട് എന്ന് വീമ്പ് പറയുമ്പോഴും ഇത്തരത്തില്‍ ആളെക്കൂട്ടിയാണ് പിന്തുണ കാണിക്കുന്നതെന്ന് വ്യക്തമാകുകയാണ്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കാന്‍ സെമിനാറില്‍ പങ്കെടുക്കണമെന്നാണ് സന്ദേശത്തിലെ ഭീഷണി. പല മതവിശ്വാസങ്ങളിലും രാഷ്ട്രീയ ചിന്തകളിലും വളരുന്ന പഠിതാക്കളെ നിര്‍ബന്ധിച്ച് ഇത്തരം പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ വലിയൊരു ശതമാനം എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.