കേസെടുത്തതിന് മലയാലപ്പുഴ എസ്എച്ച്ഒയ്ക്ക് നവമാധ്യമങ്ങളിലൂടെ ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Jaihind Webdesk
Monday, April 8, 2024

 

പത്തനംതിട്ട: യുവതിയെയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് കേസ് എടുത്ത പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അപവാദ പ്രചാരണവും ഭീഷണിയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി. സിപിഎം തുമ്പമണ്‍ ബ്രാഞ്ച് സെക്രട്ടറി അർജുന്‍ ദാസിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി. അര്‍ജുന്‍ ദാസിനെതിരേ മലയാലപ്പുഴ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. മലയാലപ്പുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്‍റെ പരാതിയിലാണ് കോടതി നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അനധികൃതമായി മണ്ണും പാറയും ഖനനം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയെന്നാരോപിച്ച് അയല്‍വാസിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അര്‍ജുന്‍ ദാസ്, ഭാര്യ അഡ്വ. എസ്. കാര്‍ത്തിക, മൂത്ത സഹോദരന്‍ അഡ്വ. ബി. അരുണ്‍ദാസ്, ഭാര്യ സലീഷ എന്നിവര്‍ക്കെതിരെ മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നാട്ടുകാര്‍ സംഘം ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്തുവെന്നാരോപിച്ച് പ്രദേശത്തെ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ അര്‍ജുന്‍ ദാസും കുടുംബാംഗങ്ങളും പരാതി നല്‍കിയിരുന്നു. ഇതിനും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ബാര്‍ അസോസിയേഷന്‍ അടക്കം ഇടപെട്ട് കേസ് നടത്തിയെങ്കിലും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.

ഇതിനുശേഷം അര്‍ജുന്‍ ദാസ് ഫേസ്ബുക്കിലൂടെ മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുകുമാറിനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തുകയായിരുന്നു. വിഷ്ണുകുമാറിന്‍റെ ഫോട്ടോ സഹിതമായിരുന്നു ഭീഷണിയും പ്രചാരണവും. “ഇവനാണ് ലോകനാറി സിഐ മലയാലപ്പുഴ. ഇനി ഇവനുമായി നേരിട്ട് കാശ് വാങ്ങിയ പാറക്കഥകള്‍ പുറകേ” എന്നാണ് അര്‍ജുന്‍ ദാസ് പോസ്റ്റിട്ടിരുന്നത്. സാമൂഹിക മാധ്യമങ്ങളിലുടെ ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇത് കേരളാ പോലീസിനും വ്യക്തിപരമായി വിഷ്ണുകുമാറിനും അപകീര്‍ത്തി വരുത്തി. നേരിട്ട് പോലീസിന് കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ കോടതിയെ സമീപിച്ച് അനുവാദം വാങ്ങിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അര്‍ജുന്‍ ദാസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.