തലശേരിയിൽ 6 വയസുകാരനെ മർദ്ദിച്ച സംഭവം; പോലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Jaihind Webdesk
Monday, November 7, 2022

കമ്മീഷണറുടെ ചുമതല വഹിക്കുന്ന റൂറൽ എസ് പി, രാജീവ് പി ബിയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്
സ്റ്റേഷനിൽ എത്തിച്ച പ്രതിയെ വിട്ടയച്ചതില്‍ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തലശ്ശേരി എസ് എച്ച് ഒ  അനിൽ എം, ഗ്രേഡ് എസ് ഐമാർ എന്നിവർക്ക് റിപ്പോർട്ടിൽ വിമർശനമുണ്ട്.
ഉദ്യോഗസ്ഥർ കാര്യഗൗരവം ഉൾകൊള്ളുന്ന യാതൊരുനടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിക്രമ സ്ഥലത്ത് പോയ ഉദ്യോഗസ്ഥരും  ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു.

അതേ സമയം പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനാണ് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചത്. തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്
ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ഷിഹാദിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കില്ല . ജില്ലാ ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിയുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും.