പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ മഹാറാലി നടത്തി. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലുളള റാലിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്. ചെന്നൈ എഗ്മോറിൽ നിന്ന് രാജരത്തിനം സ്റ്റേഡിയത്തിലേക്ക് നടന്ന റാലിയില്‍ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനൊപ്പം തമിഴ്‌നാട് പി.സി.സി അധ്യക്ഷൻ കെ.എസ് അഴഗിരി, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ, സി.പി.എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, വി.സി.കെ നേതാവ് തോൽ തിരുമാളവൻ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീന്‍, എം.എം.കെ അധ്യക്ഷൻ ജവൈറുള്ള തുടങ്ങിയ നേതാക്കള്‍ റാലിയില്‍ അണിചേർന്നു. നടൻ കമലഹാസന്‍റെ മക്കൾ നീതി മയ്യവും റാലിക്ക് പിന്തുണ നല്‍കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാർഡുകളും ഏന്തി സ്റ്റാലിനും ചിദംബരവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു. മുദ്രാവാക്യം വിളികളുമായി ആയിരങ്ങല്‍ റാലിയില്‍ പങ്കെടുത്തു. റാലി വന്‍ വിജയകരമാക്കിയതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും എം.കെ സ്റ്റാലിന്‍ നന്ദി അറിയിച്ചു. കേന്ദ്രം പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരണമെന്നും അദ്ദേഹം പറഞ്ഞു. സഖ്യ കക്ഷികളുമായി കൂടിയാലോചിച്ച ശേഷം മോദി സർക്കാരിനെതിരെ വൻ പ്രക്ഷോഭം ഇനിയും സംഘടിപ്പിക്കുമെന്നും എം.കെ സ്റ്റാലിൻ വ്യക്തമാക്കി.
ഡ്രോൺ ക്യാമറകളും ജലപീരങ്കിയുമടക്കം ശക്തമായ പൊലീസ് സന്നാഹമാണ് റാലി കടന്നുപോകുന്ന വഴിയില്‍ നിലയുറപ്പിച്ചത്. ഏകദേശം 5000 ത്തോളം വരുന്ന പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചത്.