പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവർ ഇന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥികള്‍ ; കണ്ണൂരിലെ വോട്ടിങ് ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Sunday, December 13, 2020

കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന മൂന്ന് എൽഡിഎഫ് സ്ഥാനാർഥികൾ കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ഇവരെക്കൂടാതെ നിരവധി സിപിഎം പ്രവർത്തകരും നേതാക്കളും  കള്ളവോട്ട്  രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

രാമാന്തളി പഞ്ചായത്ത് മൂന്നാ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സീമ, ചെറുതാഴം പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി സബിത എം.ടി,  എരമം കുറ്റൂരില്‍ പതിനാലാം വാർഡിലെ  സ്ഥാനാർത്ഥി കെ. സരിത എന്നിവർ കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സീമ, പയ്യന്നൂർ 120-ാം നമ്പർ ബൂത്തിലാണ് സ്വന്തം വോട്ട് കൂടാതെ മറ്റ് രണ്ട് വോട്ടുകൾ കൂടി ചെയ്തത്.  കെ. സരിത 138-ാം നമ്പർ ബൂത്തിൽ 3 വോട്ട് രേഖപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.  സബിത.എം ടി കല്ല്യാശ്ശേരി 25, 26 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഗൺമാന്‍റെ ഭാര്യയാണ് സബിത.

സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭാര്യ ഹൈമ രവി കല്ല്യാശ്ശേരി 25-ാം നമ്പർ ബൂത്തില്‍ രണ്ട് വോട്ടും , 26 ൽ ഒരു വോട്ടും ചെയ്തു. ഇവരുടെ മകൻ ദീപാങ്കുരൻ ചെറുതാഴം സ്കുളിലെ 25, 26, 36 ബൂത്തുകളിൽ വോട്ട് ചെയ്തു. 25-ാം നമ്പർ ബൂത്തിലെ വോട്ടറാണ് ദീപാങ്കുരൻ. ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ നടന്ന കള്ളവോട്ടിനെതിരെ യുഡിഎഫ് കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം ലഭിച്ച ദൃശ്യങ്ങളിലാണ് കള്ളവോട്ട് ചെയ്യുന്നത് വ്യക്തമാകുന്നത്.