‘രാജ്യം ഭരിക്കുന്നവർ ജനാധിപത്യത്തിന്‍റെ അടിത്തറ തകർക്കുന്നു; സാമൂഹിക നവീകരണത്തിൽ ആർഎസ്എസിന് ഒരു പങ്കുമില്ല’; മല്ലികാർജുന്‍ ഖാർഗെ

Jaihind Webdesk
Thursday, March 30, 2023

 

കോട്ടയം/വൈക്കം: രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിന് കോൺഗ്രസ് തയാറെടുക്കുകയാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ. ഇന്ത്യയിലെമ്പാടുമുള്ള ജനതയ്ക്ക് ജാതി വിവേചനത്തിന് എതിരെയുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹം പ്രചോദനം നൽകിയെന്നും ആർഎസ്എസിന് ഈ സമരത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ സാമൂഹിക നവീകരണത്തിൽ ആർഎസ്എസ് ഒരു സംഭാവനയും നൽകിയിട്ടില്ല. രാഷ്ട്രീയ ജനാധിപത്യം നാശത്തിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് അധികാരത്തിലുള്ളവർ ജനാധിപത്യത്തിന്‍റെ അടിത്തറ തകർക്കുന്നുവെന്ന് ഖാർഗെ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത് രാജ്യത്തിന്‍റെ കറുത്ത ദിനമാണ്.  രാഹുല്‍ ഗാന്ധിക്കെതിരായ നീക്കത്തെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും മല്ലികാർജുന്‍ ഖാർഗെ പറഞ്ഞു.

രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. മിന്നൽ വേഗത്തിലാണ്  രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി വിഷയത്തില്‍ ബിജെപി കുപ്രചാരണം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി പരാമർശിച്ച വ്യക്തികളാരും പിന്നാക്ക വിഭാഗക്കാരല്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിക്ക് പിന്നിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം അണിനിരന്നുവെന്നും അദ്ദേഹം പറഞ്ഞു.

അദാനിക്കായി രാജ്യത്തിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദി സർക്കാർ തീറെഴുതുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. മോദി സർക്കാർ കൊള്ളയടിച്ച കോടിക്കണക്കിന് രൂപ എവിടെപ്പോയി എന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത്. വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍.