‘ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്യുന്നവർ ദേശീയവാദികളല്ല; മോദി ഒരു ദേശീയവാദിയേ അല്ല’: രാഹുല്‍ ഗാന്ധി

 

വയനാട്: മണിപ്പൂരിൽ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയെന്ന ആശയത്തെ കൊല്ലുന്നയാൾ ദേശീയവാദിയാകില്ലെന്നും മോദി ദേശീയവാദിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം തിരികെ ലഭിച്ചതിന് ശേഷം തന്‍റെ മണ്ഡലമായ വയനാട്ടിലേക്ക് ആദ്യമായി എത്തി ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. താനും വയനാടുമായുള്ള ബന്ധം തകർക്കാനാവില്ലെന്ന് കൂട്ടിച്ചേർത്ത രാഹുൽ താൻ വിഭാവനം ചെയ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായ 9 വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു.

“വേദനിപ്പിക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കാണാന്‍ കഴിഞ്ഞത്. എങ്ങും കൊല്ലും കൊലയും ബലാത്സംഗവും രക്തവും. 19 വർഷത്തെ രാഷ്ട്രീയ അനുഭവത്തിൽ ഇത്ര അസ്വസ്ഥമായ കാഴ്ച ഞാൻ കണ്ടിട്ടില്ല. പാർലമെന്‍റിൽ പ്രധാനമന്ത്രിയുടെ പ്രസംഗം ഞാൻ കണ്ടു. രണ്ടേകാല്‍ മണിക്കൂർ നീണ്ട പ്രസംഗം നടത്തിയെങ്കിലും മണിപ്പൂരിനെക്കുറിച്ച് പറഞ്ഞത് രണ്ടു മിനിറ്റ് മാത്രമാണ്. മണിപ്പുർ എന്ന കുടുംബത്തെ തകർക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാൽ നമ്മൾ മണിപ്പൂരിലെ ജനങ്ങള്‍ക്കിടയില്‍ സ്‌നേഹം തിരികെ കൊണ്ടുവരും. പരസ്പരം കൊല്ലുന്ന പ്രദേശം ഇന്ത്യയല്ല. ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്യുന്നവർ ദേശീയവാദികളുമല്ല. മണിപ്പൂരിൽ കേന്ദ്രം ഇന്ത്യ എന്ന ആശയത്തെ കൊല ചെയ്തു. മോദി ഒരു ദേശീയവാദിയേ അല്ല” – രാഹുൽ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ എത്തിയിരിക്കുന്നത്. വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് ഒരുക്കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.കെ രാഘവന്‍ എംപി, പി.കെ കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചന്‍, സണ്ണി ജോസഫ്, എ.പി അനില്‍കുമാർ, ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, സജീവ് ജോസഫ്, എം ലിജു, സി.പി ജോണ്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

Comments (0)
Add Comment