ദുബായ് : വിമാന വിലക്ക് മൂലം ഇന്ത്യയില്‍ കുടുങ്ങി വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസകരമായ സേവനം പ്രഖ്യാപിച്ച് ദുബായ് എമിഗ്രേഷന്‍ രംഗത്ത് വന്നു. ഇതോടെ ഇനി നാട്ടിലെ വീട്ടിലിരുന്ന് ദുബായിലെ താമസ വിസാ സ്റ്റാറ്റസ് വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
മാസങ്ങളായി തുടരുന്ന വിമാന വിലക്ക് മൂലം ദുബായിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമായാണ് സേവനങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിനായി ജിഡിആര്‍എഫ് എഡി എന്ന വെബ്‌സൈറ്റിലെ വിസാ എന്‍ക്വയറി എന്ന വിഭാഗത്തിലാണ് ഈ സേവനം ഉള്‍പ്പെടുത്തിയത്. ഇങ്ങനെ അപേക്ഷകര്‍ക്ക് സ്വന്തം സ്മാര്‍ട്ട് ഫോണിലൂടെ ദുബായിലെ താമസ വിസാ വിവരം മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന സേവനമാണിത്.
അപക്ഷകന്‍റെ വിസാ കാലാവധി കഴിഞ്ഞതും പുതുക്കുന്നതും ഉള്‍പ്പടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയാണ് ഇത് ആരംഭിച്ചത്. ഇന്ത്യയില്‍ മാസങ്ങളായി കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ സേവനം. യുഎഇ താമസ വിസ ഉണ്ടായിട്ടും നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ക്ക് ഇടയിലാണ് ആശ്വാസകരമായ ഈ സേവനം.