E P Jayarajan| ‘ബന്ധപ്പെട്ടവര്‍ മൗനം പാലിച്ചു, വ്യക്തിപരമായ അധിക്ഷേപം നേരിട്ടു’: ഇ.പി.ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

Jaihind News Bureau
Monday, November 3, 2025

 

സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരോക്ഷവിമര്‍ശനം. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ചാണ് ആത്മകഥയിലെ ‘വൈദേകം’ എന്ന അധ്യായം വിശദീകരിക്കുന്നത്.

വൈദേകം വിഷയത്തില്‍ പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതായി ഇ.പി. പറയുന്നു. ‘സ്വകാര്യ സ്ഥാപനത്തിന് സഹകരണ പ്രസ്ഥാനത്തെപ്പോലെ സഹായിക്കാന്‍ പാടുണ്ടോ?’ എന്നതായിരുന്നു പി. ജയരാജന്റെ ചോദ്യം. വലിയ അഴിമതി ആരോപണമായി മാധ്യമ വാര്‍ത്തകള്‍ വന്നപ്പോഴും ബന്ധപ്പെട്ടവര്‍ കൃത്യമായ വ്യക്തത വരുത്തിയില്ല എന്ന അമര്‍ഷം ഇ.പി. ജയരാജന്‍ പ്രകടിപ്പിച്ചു. ‘ബന്ധപ്പെട്ടവര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നെങ്കില്‍ തനിക്കെതിരായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു,’ അദ്ദേഹം ആത്മകഥയില്‍ പറയുന്നു. എന്നാല്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ലെന്നും, അതുകൊണ്ടാണ് വിവാദം നിലനിന്നതെന്നും ഇ.പി. വിവരിക്കുന്നു.

എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിലെ അതൃപ്തി ഇ.പി. ജയരാജന്‍ മറച്ചുവെക്കുന്നില്ല. താന്‍ പങ്കെടുക്കാത്ത യോഗത്തിലാണ് തന്നെ മാറ്റാനുള്ള തീരുമാനം എടുത്തതെന്ന് ഇ.പി. പറയുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞാണ് താന്‍ ഇക്കാര്യം അറിയുന്നത്. ഈ വിഷയത്തില്‍ തനിക്കുണ്ടായ വിഷമം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായും അദ്ദേഹം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

താനുമായി ബി.ജെ.പി. നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് പ്രചരിപ്പിച്ചതായും ഇ.പി. ജയരാജന്‍ ആത്മകഥയില്‍ ആരോപിക്കുന്നു. മകനെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയിലെ ഒരു വനിതാ നേതാവ് പലതവണ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനായി വനിതാ നേതാവ് മകനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും മകന്‍ ഫോണ്‍ എടുത്തില്ല എന്നും പുസ്തകത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇ.പി. ജയരാജന്റെ ആത്മകഥ പ്രകാശനം ചെയ്തത്. കഥാകൃത്ത് ടി. പത്മനാഭന്‍, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗോവ മുന്‍ ഗവര്‍ണറും ബി.ജെ.പി. നേതാവുമായ ശ്രീധരന്‍ പിള്ള, സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉള്‍പ്പെടെ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, ആത്മകഥയില്‍ വിമര്‍ശിക്കപ്പെടുന്ന സി.പി.എം. നേതാവ് പി. ജയരാജന്‍ ചടങ്ങിന് എത്തിയില്ല എന്നത് ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പി. ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് പ്രസംഗം നടത്തിയത്.

നേരത്തെ, ‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ പിണറായി സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ പരാമര്‍ശങ്ങളുള്ള ഇ.പി. ജയരാജന്റെ ആത്മകഥ പുറത്തിറങ്ങുന്നു എന്ന പരസ്യം പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് വലിയ വിവാദമായിരുന്നു. അന്ന് ഇ.പി. ജയരാജന്‍ ഈ വാര്‍ത്തകള്‍ തള്ളുകയും താന്‍ എഴുതാത്ത ആത്മകഥയാണ് പ്രകാശനം ചെയ്യുന്നതെന്നും പറഞ്ഞ് പ്രസാധക സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.