ദുബായില്‍ വീണ്ടും യാത്രാ നിബന്ധനകള്‍ ; പിസിആര്‍ ടെസ്റ്റ് ഫലം 72 മണിക്കൂറിനുള്ളില്‍ ഹാജരാക്കണം ; ദുബായിലേക്ക് വരുന്നവരും അല്‍ ഹൊസാന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം ; പുതിയ നിയമം ജനുവരി 31 മുതല്‍

B.S. Shiju
Thursday, January 28, 2021

ദുബായ് : കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നതോടെ ഞായറാഴ്ച (ജനുവരി 31) മുതലുള്ള യാത്രകള്‍ക്ക് ദുബായില്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചു.  ഇതുപ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് വരുന്നവര്‍ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം 72 മണിക്കൂറിനുള്ളില്‍ ഹാജരാക്കണം. കൂടാതെ ദുബായില്‍ എത്തുന്നവരും അല്‍ ഹൊസാന്‍ ആപ്പിലും പേര് രജിസ്റ്റർ ചെയ്യണം എന്ന പുതിയ നിയമം നിര്‍ബന്ധമാക്കി. നേരത്തെ ഇത് ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റുകള്‍ക്ക് മാത്രമായിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചതോടെ യാത്രാ നിബന്ധനകള്‍ ദുബായ് വീണ്ടും കടുപ്പിക്കുകയാണ്.
ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തലവനായ ദേശീയ അടിയന്തര നിവാരണ മാനേജ്‌മെന്‍റ് ആണ് പുതിയ നിബന്ധനകള്‍ക്ക് അനുമതി നല്‍കിയത്.  ഇതുപ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് വരുന്നവര്‍ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം 72 മണിക്കൂറിനുള്ളില്‍ ഹാജരാക്കണം.  നേരത്തെ ഇത് 96 മണിക്കൂര്‍ അഥവാ 4 ദിവസം ആയിരുന്നു. കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പ്രത്യേക പരിശോധനയും നടത്തണം. ഇതിനുള്ള സംവിധാനവും ദുബായ് വിമാനത്താവളത്തില്‍ ഒരുക്കും. ഇന്ത്യക്കാരും ഈ പട്ടികയില്‍ ഉള്‍പ്പെടും.

പി.സി.ആര്‍ പരിശോധനാ ആര്‍ക്കെല്ലാം ?

ഇന്ത്യക്കാര്‍ക്ക് പുറമേ യു.എ.ഇ സ്വദേശികള്‍, ജി.സി.സി പൗരന്മാര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കും തങ്ങളുടെ രാജ്യത്തുനിന്ന് ദുബായിലേയ്ക്ക് വരുമ്പോള്‍ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് ഇത് നേരത്തെ തന്നെ നിര്‍ബന്ധമായിരുന്നു.

യാത്രയ്ക്ക് മുന്‍പും പരിശോധന

ദുബായില്‍ നിന്ന് യാത്ര പുറപ്പെടുന്നവര്‍ക്ക് അവരുടെ രാജ്യം ആവശ്യപ്പെടുകയാണെങ്കില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അതിവേഗ പി.സി.ആര്‍ നടത്തണം. അല്ലെങ്കില്‍, അതിവേഗ ആന്‍റിജന്‍ പരിശോധനയും നടത്തും. ദുബായ് എയര്‍പോര്‍ട്‌സ് കമ്പനിയെ ഇതിന് ചുമതലപ്പെടുത്തി. ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക

ദുബായിലെത്തുന്നവര്‍ക്കും ഇനി അല്‍ ഹൊസാന്‍ ആപ്പ്

ദുബായിലെത്തുന്നവര്‍ അല്‍ ഹൊസാന്‍ ആപ്പ് (Al Hosan App) ഡൗണ്‍ലോഡ് ചെയ്യണം. പരിശോധനാ ഫലം നെഗറ്റീവായിത്തീരുന്നതുവരെ അവര്‍ സ്വയം ക്വാറന്‍റൈനില്‍ കഴിയണം. ഫലം പോസിറ്റീവാണെങ്കില്‍ രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും സ്വന്തം വീട്ടില്‍ 10 ദിവസം ക്വാറന്‍റൈന് വിധേയനാകണം. ക്വാറന്‍റൈന്‍ കഴിഞ്ഞാല്‍ അക്കാര്യം ദുബായ് ആരോഗ്യവിഭാഗം സന്ദേശമായി അയക്കും.