Shafi Parambil| തോരായിക്കടവ് പാലം തകര്‍ച്ച ഭരണമാറ്റത്തിന്റെ സൂചന; വടകരയില്‍ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കും: ഷാഫി പറമ്പില്‍ എം പി

Jaihind News Bureau
Tuesday, August 19, 2025

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തില്‍ കൂടുതല്‍ യു.ഡി.എഫ് എം.എല്‍.എമാരെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഷാഫി പറമ്പില്‍ എം പി. ഈ ഉത്തരവാദിത്തമാണ് പാര്‍ട്ടി തനിക്ക് നല്‍കിയിരിക്കുന്നതെന്നും, അത് താന്‍ കൃത്യമായി നിറവേറ്റുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

താന്‍ വടകരയില്‍ തന്നെ കാണുമെന്നും ഷാഫി പറമ്പില്‍ ഉറപ്പുനല്‍കി. കണ്ണ് നിറഞ്ഞിട്ടാണ് പാലക്കാടുകാര്‍ ജയിച്ചു വരാന്‍ പറഞ്ഞയച്ചതെന്നും കണ്ണും മനസ്സും നിറച്ചിട്ടാണ് വടകരക്കാര്‍ ജയിപ്പിച്ചു വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോരായിക്കടവ് പാലം തകര്‍ന്നതിലൂടെ സംസ്ഥാനത്ത് ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ സംഭവങ്ങള്‍ ജനങ്ങളുടെ പ്രതീക്ഷകളെയാണ് തകര്‍ക്കുന്നത്. പാലങ്ങള്‍ തകര്‍ന്നുവീഴുന്നത് തുടരുമ്പോഴും സര്‍ക്കാരിന് ഒരു കൂസലുമില്ല. സി.പി.ഐ.എം. അധികാരത്തിലിരുന്നപ്പോള്‍ നാല് പാലങ്ങളാണ് ഇതുവരെ തകര്‍ന്നുവീണത്. ഈ അപകടങ്ങളില്‍ രണ്ടു പേര്‍ മരണപ്പെടുകയും അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കൂടാതെ, ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ പൊതുമരാമത്ത് മന്ത്രിയെ കാണാറില്ലെന്നും, എന്നാല്‍ ചെറിയ നേട്ടങ്ങള്‍ ഉണ്ടായാല്‍ പോലും അത് അവകാശപ്പെടാന്‍ മന്ത്രി എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയിലെ ദേശീയപാത നിര്‍മ്മാണം ജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. അതിനാല്‍, ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരിട്ടുള്ള സമരം നടത്തുമെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.