‘നാളെ ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുണ്ട്, ഹാജരാകാന്‍ പറ്റില്ല’; ഇ.ഡി നോട്ടീസില്‍ തോമസ് ഐസക്

Jaihind Webdesk
Monday, July 18, 2022

Thomas-Issac

തിരുവനന്തപുരം: നാളെ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക് ഇഡി നോട്ടീസ് കിട്ടിയെന്ന് സ്ഥീരീകരിച്ചത്. ഇഎംഎസ് അക്കാദമിയില്‍ ക്ലാസുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് തോമസ് ഐസക് പറയുന്നത്.

“ഇനി ഹാജരാകുന്നതിന്‍റെ കാര്യം. നാളെ ഏതായാലും പറ്റില്ല. ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ട്. പിന്നീടുള്ളത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും” – തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

കിഫ്ബിയിലെ പണമിടപാടില്‍ നിയമലംഘനം നടന്നുവെന്ന കേസിലാണ് ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ നോട്ടീസ് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും തനിക്ക് നോട്ടീസ് ലഭിച്ചില്ലെന്നാണ് ഐസക്ക് ആദ്യം പ്രതികരിച്ചത്. പിന്നീട് ഫേസ്ബുക്കിലൂടെയാണ് നോട്ടീസ് കിട്ടി എന്നത് അറിയിച്ചത്.