കെ റെയിലില്‍ സർക്കാർ ന്യായീകരണം പൊളിയുന്നു : പദ്ധതി പ്രഖ്യാപിച്ചത് തോമസ് ഐസക്ക്

Jaihind Webdesk
Tuesday, April 12, 2022

കെ റെയിലിന്‍റെ ഉപജ്ഞാതാവ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന സർക്കാർ പ്രചരണം പൊളിയുന്നു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കിന്‍റെ 2010 മാര്‍ച്ച് 5 ലെ ബഡ്ജറ്റ് പ്രസംഗത്തിലാണ് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയെപ്പറ്റി അവതരിപ്പിച്ചത്.ഇതു തെളിയിക്കുന്ന രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കെ റെയില്‍ പദ്ധതി ന്യായീകരണത്തിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും നടത്തിയ മറ്റൊരു നുണകൂടി പൊളിയുകയാണ്. ഡിപിആര്‍ തയ്യാറാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടികള്‍ നല്‍കിയെന്നും അതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍  ഇപ്പോള്‍ കെ റെയില്‍ നടപ്പാക്കുന്നതെന്നുമുള്ള വാദമാണ് പൊളിയുന്നത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് മുമ്പുള്ള വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ബജറ്റ് രേഖകള്‍ തന്നെയാണ് സർക്കാരിന്റെ കപട വാദങ്ങൾ പൊളിച്ചടുക്കിയിരിക്കുന്നത്. അതിവേഗ റയില്‍വേ കോറിഡോര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതും കോടികള്‍ നല്‍കിയതും ഇടതു സര്‍ക്കാരാണ് . 2006-2011 ലെ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് അതിവേഗ റയില്‍വേ കോറിഡോര്‍ ആരംഭിക്കാന്‍ ശ്രമിച്ചത്. 2010 – 11 ല്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ് അതിവേഗ റയില്‍വേ കോറിഡോര്‍ ഇടം പിടിക്കുന്നത്.

അതിവേഗ റയില്‍വേ കോറിഡോറിനായി സംയുക്ത കമ്പനി രൂപികരിക്കുമെന്നും കെ എസ് ഐ ഡി സി യായിരിക്കും നോഡല്‍ ഏജന്‍സിയെന്നായിരുന്നു ഐസക്കിന്റെ അന്നത്തെ പ്രഖ്യാപനം.  2011-12 ലെ ബജറ്റില്‍ അതിവേഗ റയില്‍വേ കോറിഡോറിന്റെ പഠനം ദില്ലി മെട്രോ നടത്തി കൊണ്ടിരിക്കുകയാണന്നും ഇതിനായി ഇവര്‍ക്ക് 20 കോടി നല്‍കി എന്നും ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാണ് .വിശദമായ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 20 കോടിയും ഐസക്ക് പ്രഖ്യാപിച്ചു. ഇങ്ങനെ അതിവേഗ റയില്‍വേ കോറിഡോര്‍ പ്രഖ്യാപിച്ചതും സാധ്യത പഠനത്തിനും ഡി.പി.ആറിനും കോടികള്‍ നല്‍കിയതും വകയിരുത്തിയതും തോമസ് ഐസക്കാണ്.

ഇത് മറച്ചുപിടിച്ചാണ് യു.ഡി.എഫ് കൊണ്ടുവന്ന അതിവേഗ റയില്‍വേ കോറിഡോര്‍ എന്തായി എന്ന് പിണറായി അടക്കമുള്ളവര്‍ ചോദിക്കുന്നത്. 2010-11 ലേയും 2011-12 ലേയും തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം വായിച്ചാല്‍ മാത്രം മതി പിണറായി അടക്കമുള്ള സി.പി.എം നേതാക്കളുടെ അതിവേഗ റയില്‍വേ കോറിഡോര്‍ സംബന്ധിച്ച നുണ പ്രചരണം മനസിലാക്കാന്‍.