തോമസ് ചാഴിക്കാടന്‍റെ പരാജയം ജോസ് കെ. മാണിക്ക് തിരിച്ചടി, സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം

Jaihind Webdesk
Wednesday, June 5, 2024

 

കോട്ടയം:  തോമസ് ചാഴിക്കാടന്‍റെ പരാജയത്തിൽ സിപിഎമ്മിനെ പഴിചാരി കേരള കോൺഗ്രസ് എം. ചാഴിക്കാടൻ പരാജയം ഉറപ്പിച്ചതിന് പിന്നാലെ തന്നെ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. കേരള കോൺഗ്രസിന് ലഭിക്കേണ്ട ഇടതുപക്ഷ വോട്ടുകൾ ലഭിക്കാത്തതുകൊണ്ടാണ് ഇത്ര വലിയ തോൽവിയിലേക്ക് നയിച്ചത് എന്നായിരുന്നു ജോസിന്‍റെ ആരോപണം.

സ്വന്തം തട്ടകമായ പാലായിൽ അടക്കം തോമസ് ചാഴിക്കാടിന് വലിയ പരാജയമാണ് നേരിടേണ്ടിവന്നത്. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളിൽ വൈക്കത്ത് മാത്രമാണ് ചാഴിക്കാന് നേരിയ രീതിയിലെങ്കിലും ഭൂരിപക്ഷം ലഭിച്ചത്. 87,000 മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഫ്രാൻസിസ് ജോർജ് ചാഴിക്കാടനെ പരാജയപെടുത്തിയത്. ചാഴിക്കാടന്‍റെ പരാജയത്തിന് പിന്നിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചില്ലെന്ന് ആരോപണം ഉയർത്തിക്കാട്ടിയാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി രംഗത്തെത്തിയത്.. ചാഴിക്കാടനും ജോസ് കെ. മാണിയും ഒരേ സ്വരത്തിൽ ഇത്ര വലിയ പരാജയം എന്തുകൊണ്ട് സംഭവിച്ചു എന്ന് വിശദമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോട്ടയത്തെ സിപിഎം വോട്ടർമാർ കൂട്ടത്തോടെ നോട്ടയ്ക്ക് കുത്തിയതാണ് ചാഴിക്കാടന്‍റെ പരാജയത്തിന് കാരണമെന്ന് പലകോണുകളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം വേളയിലും സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള സ്വര ചേർച്ച ചർച്ചയായിരുന്നു. ചാഴിക്കാടൻ നാമനിർദ്ദേശപത്രിക നൽകാൻ പോയപ്പോൾ ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം നേതാക്കൾ വിട്ടുനിന്നതും, കൊട്ടിക്കലാശത്തിന് ജില്ലയിലെ മന്ത്രിയായ വി.എൻ. വാസവൻ ഉൾപ്പെടെ പങ്കെടുക്കാത്തതിൽ പല കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു. ഇതിനിടയിലാണ് ചാഴിക്കാടന്‍റെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്. ഈ പരാജയത്തിന് പിന്നിൽ സിപിഎം മോട്ടോർമാരുടെ വോട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടന് ലഭിച്ചില്ല എന്നും കേരളാ കോൺഗ്രസ് എം ആരോപിക്കുന്നു. വോട്ടുചോർച്ച എന്തുകൊണ്ട് സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന് കേരള കോൺഗ്രസ് എം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.