കോട്ടയം: കേരള കോൺഗ്രസ് പാർട്ടികളുടെ തട്ടകമായ കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന് അടിപതറി. ജോസ് കെ. മാണി നയിച്ച കേരള കോൺഗ്രസ് എം കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ രണ്ടാമൂഴത്തിനായി മത്സരിച്ചപ്പോൾ ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനു മുമ്പിൽ കൂപ്പുകുത്തി വീണു കേരള കോൺഗ്രസ് എമ്മിന്‍റെ തോമസ് ചാഴിക്കാടൻ. ഫ്രാൻസിസ് ജോർജ് വോട്ടെണ്ണി അല്പസമയത്തിനുള്ളിൽ തന്നെ വ്യക്തമായ ലീഡ് നിലയുയർത്തി വിജയത്തിലേക്ക് മുന്നേറിയപ്പോൾ തോമസ് ചാഴിക്കാടിന് നേരിടേണ്ടി വന്നത് വൻ പരാജയമാണ്.
ഫ്രാൻസിസ് ജോർജ് വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ചാഴിക്കാടൻ എത്തിയിരുന്നു. ജനങ്ങളുടെ തീരുമാനത്തെ പൂർണമായി അംഗീകരിക്കുന്നുവെന്നും, കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ ആത്മാർത്ഥമായി കഴിഞ്ഞ അഞ്ചു വർഷം താൻ പ്രവർത്തിച്ചുവെന്നും തോമസ് ചാഴികാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പരാജയകാരണം വിശദമായി പഠിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിന് തിരിച്ചടിയായത് ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകൾ ലഭിക്കാതെ വന്നതുകൊണ്ടാണെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി ആരോപിച്ചു. വോട്ടുചോർച്ചയെപ്പറ്റി കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു..
രാവിലെ മുതൽ തന്നെ ആത്മാവിശ്വാസത്തിൽ ആയിരുന്നു കേരള കോൺഗ്രസ് എം വിഭാഗം. എന്നാൽ ആദ്യ മണിക്കൂറിൽ തന്നെ ഫലസൂചിക യുഡിഎഫിന് ഒപ്പമായിരുന്നു. മണിക്കൂറുകൾക്കു ശേഷം വ്യക്തമായ ഭൂരിപക്ഷത്തിൽ യുഡിഎഫിന്‍റെ ഫ്രാൻസിസ് ജോർജ് വിജയ കുതിപ്പ് തുടർന്നപ്പോൾ പരാജയത്തിലേക്ക് കൂപ്പുകുത്തിയായിരുന്നു കേരള കോൺഗ്രസ് എം. കോട്ടയം പാർലമെന്‍റ് മണ്ഡലത്തിൽ 47 വർഷങ്ങൾക്ക് ശേഷം ആയിരുന്നു കേരള കോൺഗ്രസുകൾ തമ്മിൽ ഇരുചേരുകളിൽ നിന്നായി ഏറ്റുമുട്ടിയത്. 47 വർഷങ്ങൾക്കു മുമ്പ് മത്സരിച്ചപ്പോൾ യുഡിഎഫിന് ഒപ്പം ആയിരുന്നു വിജയം. ഇത്തവണയും നടന്ന കേരള കോൺഗ്രസുകളുടെ ഏറ്റുമുട്ടലിൽ വിജയം യുഡിഎഫിന് തന്നെ.