നവകേരള സദസിലെ ശകാരം ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ പലതും തോല്‍വിക്ക് കാരണമായി; വിമർശിച്ച് തോമസ് ചാഴികാടനും

Monday, June 24, 2024

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടുകള്‍ പലതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴികാടന്‍. പാലായിലെ നവകേരളസദസിലെ ശകാരം അടക്കം തിരിച്ചടിയായി. സിപിഎം വോട്ടുകള്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാത്തത് അന്വേഷിക്കണ‍മെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റിയിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുന്നണി പ്രവർത്തനത്തിനെതിരെയും ചാഴികാടന്‍ തുറന്നടിച്ചത്.

പാലായിലെ നവകേരള സദസ് വേദിയിൽ തോമസ് ചാഴികാടന്‍റെ പ്രസംഗത്തിൽ റബ്ബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എംപിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചത്. കേരള കോൺഗ്രസിന്‍റെ സ്വന്തം തട്ടകത്തിൽ വച്ച് പാർട്ടി എംപിക്ക് നേരെ ഉണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം പാർട്ടിക്ക് മുഖത്തേറ്റ അടിയായി. കേരളാ കോൺഗ്രസിന്‍റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടി എന്നായിരുന്നു പ്രവർത്തകരുടെ പ്രതികരണം.