കൊച്ചി: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം കടവന്ത്രയിലെ വസതിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു. പിണറായി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
1947 ആഗസ്ത് 29ന് വി.സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി ആലപ്പുഴയില്‍ ജനനം. ഭാര്യ മേഴ്സിക്കുട്ടി. ഒരു ആണും രണ്ട് പെണ്ണും ഉള്‍പ്പെടെ മൂന്ന് മക്കള്‍. 1970 ല്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയെങ്കിലും പിന്നാലെ തന്നെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. കുവൈറ്റ് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയാണ് തോമസ് ചാണ്ടി. പിന്നീട് 1996 കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായത്.
2006 ലും 2011 ലും കുട്ടനാട്ടിൽ കേരള കോൺഗ്രസിന്റെ ഡോക്ടർ കെ.സി ജോസഫിനെയും 2016 ല്‍ കേരള കോണ്‍ഗ്രസിന്റെ ജേക്കബ് ഏബ്രഹാമിനെയും പരാജയപ്പെടുത്തിയാണ് തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. ഹണി ട്രാപ്പില്‍ കുടുങ്ങി മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് 2017 ഏപ്രിലില്‍ തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി അധികാരമേറ്റു.
ക്യാന്‍സർ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ആരോഗ്യനില തീര്‍ത്തും മോശമാവുകയായും മരണം സംഭവിക്കുകയുമായിരുന്നു.സംസ്കാരം നാളെ ചേന്നംകരി മാര്‍ത്തോമാ പള്ളിയില്‍.