തൊടുപുഴ നഗരസഭ യുഡിഎഫിന് ; കെ ദീപക് ചെയര്‍മാന്‍

Jaihind News Bureau
Saturday, April 5, 2025

നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന സിപിഐഎം അംഗം സബീന ബിഞ്ചുവിനെ അവിശ്വാസത്തിലൂടെ പുറത്താക്കി യുഡിഎഫ് തൊടുപുഴ നഗരസഭ പിടിച്ചെടുത്തു. കെ ദീപകിനെ പുതിയ ചെയര്‍മാനായി യുഡിഎഫ് തിരഞ്ഞെടുത്തു.

സബീന ബിജുവിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ നഗരസഭ ഏറെ പിന്നാക്കം പോകുന്ന അവസ്ഥയിലാണെന്നും ആരോപിച്ചാണ് യു. ഡി. എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 2024 -25 വര്‍ഷത്തെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ ആരാധനാലയങ്ങളില്‍ പ്രധാന ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നഗരം ഇരുട്ടില്‍ ആക്കിയെന്നും ആരോപിച്ചു കൊണ്ടാണ് കൗണ്‍സിലര്‍മാര്‍ അവിശ്വാസപ്രമേയം നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് കാണിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പാര്‍ട്ടി നേതൃത്വം വിപ്പ് നല്‍കിയിരുന്നു. 35 അംഗ കൗണ്‍സിലില്‍ നിലവില്‍ 34 അംഗങ്ങളാണുള്ളത്. ഒരു വാര്‍ഡിലെ കൗണ്‍സിലറെ കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കിയിരിക്കുകയാണ്. 12 ന് എതിരേ 14 വോട്ടുകള്‍ക്ക് കെ ദീപക് തൊടുപുഴയുടെ പുതി നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ കൊണ്ട് പോകുമെന്ന് പുതിയ ചെയര്‍മാന്‍ പറഞ്ഞു .ചുരുങ്ങിയ സമയമാണ് തനിക്ക് മുന്നിലുള്ളതെന്നും യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്നും കെ ദീപക് പറഞ്ഞു.