ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസ് : തെളിവെടുപ്പിന് എത്തിച്ച പ്രതിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി അരുൺ ആനന്ദിനെ കുമാരമംഗലത്തെ വാടക വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ഇന്ന് ഉച്ചക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സംഭവം നടന്ന തൊടുപുഴ കുമാരമംഗലത്തെ വീട്ടിലേക്കു വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ എത്തിച്ചത്. തെളിവെടുപ്പിനെത്തുമെന്നറിഞ്ഞു തടിച്ചു കൂടിയ നാട്ടുകാർ പ്രതിയെ കൂകി വിളിച്ചു, ചിലർ അസഭ്യവർഷം നടത്തി.

തുടർന്ന് വീടിനുള്ളിൽ കുട്ടി തലയടിച്ചു വീണ മുറിക്കുള്ളിലെത്തിച്ചു തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കി അരുൺ ആനന്ദിനെ പുറത്തെത്തിച്ചതോടെ നാട്ടുകാരുടെ രോഷം അണപൊട്ടി.

പ്രതിയെ കയ്യേറ്റം ചെയ്യാൻ നാട്ടുകാർ സംഘടിച്ചതോടെ തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിയെ മടക്കി എത്തിച്ചു. ഒരു മാസം മുൻപ് ഭാര്യ ഭർത്താക്കന്മാരെന്ന പേരിൽ ഇവിടെ വാടകക്ക് താമസിച്ചു വരികയായിരുന്ന പ്രതിയും യുവതിയും രണ്ട് കുട്ടികളും. നാട്ടുകാരുമായി ഇവർ അധിക ബന്ധം പുലർത്തിയിരുന്നില്ല. സംഭവ ദിവസം മുകളിലത്തെ നിലയിൽ താമസിക്കുന്ന കുടുംബവും സ്ഥലത്തില്ലായിരുന്നു. തെളിവെടുപ്പിന് പ്രതിയെ എത്തിക്കുന്നതറിഞ്ഞ് നിരവധി നാട്ടുകാരാണ് കുമാരമംഗലത്ത് തടിച്ച് കൂടിയത്.

Comments (0)
Add Comment