ഇത്തവണ പൂരം പൊടിപൊടിക്കും; കൊവിഡ് നിയന്ത്രണങ്ങളില്ല, സ്വയം സുരക്ഷ ഉറപ്പാക്കാം

Jaihind Webdesk
Sunday, April 24, 2022

 

തൃശൂർ പൂരം മുൻ വര്‍ഷങ്ങളിലേത് പോലെ പ്രൗഡിയോടെ നടത്താന്‍ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും തീരുമാനമായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു, കെ രാജൻ എന്നിവരുടെ സാനിധ്യത്തിൽ തൃശൂരില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

പൂരത്തിന് കഴിഞ്ഞ വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള കൊവിഡ് നിയന്ത്രണങ്ങൾ ഇത്തവണ ഇല്ല. അതേ സമയം വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും കൊവിഡ് വ്യാപന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു. ആശങ്കകൾ വേണ്ടെന്നും ഇടവേളയ്ക്ക് ശേഷമെത്തിയ തൃശൂർ പൂരത്തെ അതിന്‍റെ മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് 40 ശതമാനം അധികം ആളുകള്‍ ഇത്തവണ പൂരം കാണാന്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇത് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു. തൃശൂര്‍ കലക്ട്രേറ്റിൽ നടന്ന യോഗത്തിൽ മന്ത്രിമാരെ കൂടാതെ ടി.എൻ പ്രതാപൻ എം.പി, പി ബാലചന്ദ്രൻ എംഎൽഎ മേയർ എം.കെ വർഗീസ്, കളക്ടർ ഹരിത വി കുമാർ, ദേവസ്വം പ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവരും പങ്കെടുത്തു.