ഇത് പ്രതിസന്ധിയുടെ കാലം, ബിജെപി-കോണ്‍ഗ്രസ് തർക്കത്തിനോ രാഷ്ട്രീയം കളിക്കാനോ ഉള്ള സമയമല്ല; ജനങ്ങളെ സഹായിക്കാൻ തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കൂ…

Sonia Gandhi
Monday, June 8, 2020

സമൂലവും യുക്തിസഹവുമായ മാറ്റത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA). പദ്ധതിയിലൂടെ ദരിദ്രർക്ക് അധികാരം കൈമാറുകയും പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. പദ്ധതി യുക്തിസഹമാണ്. പണം ഏറ്റവും ആവശ്യമുള്ളവരുടെ കൈകളിലേക്ക് നേരിട്ട് കൈമാറുന്നു. പദ്ധതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഒരു ഗവൺമെന്‍റ് പദ്ധതിയെ ദുർബലപ്പെടുത്തുകയും അതിനെ വൈമനസ്യത്തോടെ ആശ്രയിക്കുകയും ചെയ്തു. നിലവിലെ കൊവിഡ് പ്രതിസന്ധിയില്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിതരണ സമ്പ്രദായത്തോടൊപ്പം ദരിദ്രരും ദുര്‍ബലരുമായ പൗരന്മാര്‍ക്ക് പദ്ധതി വലിയ ആശ്വാസമേകുന്നു.

വർഷങ്ങളുടെ പോരാട്ടത്തിനുശേഷമാണ് 2005 സെപ്റ്റംബറിൽ എം‌ജി‌എൻ‌ആർ‌ജി‌എയെ പാർലമെന്‍റ് നിയമമായി പ്രഖ്യാപിച്ചത് എന്ന കാര്യം നാം മറക്കരുത്.  ഇത് ഞങ്ങളുടെ 2004 മാനിഫെസ്റ്റോയിൽ ഒരു പ്രതിബദ്ധതയായിത്തീർന്നു, യുപി‌എ സർക്കാർ സാധ്യമായത്ര വേഗം ഇത് നടപ്പിലാക്കിയതിൽ അഭിമാനിക്കുന്നു.

ഈ ആശയം ലളിതമായിരുന്നു : ഗ്രാമീണ ഇന്ത്യയിലെ ഏതൊരു പൗരനും ഇപ്പോൾ ജോലി ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശമുണ്ട്, കൂടാതെ സർക്കാർ നൽകുന്ന മിനിമം വേതനത്തിൽ 100 ​​ദിവസത്തെ ജോലി ഉറപ്പുനൽകുന്നു. ദാരിദ്ര്യ നിർമാർജനത്തെ കേന്ദ്രീകരിച്ച്, താഴെത്തട്ടിലുള്ള, ആവശ്യാനുസരണം പ്രവർത്തിക്കുന്ന, ജോലി ചെയ്യാനുള്ള അവകാശ പരിപാടി, അതിന്‍റെ അളവിലും വാസ്തുവിദ്യയിലും മുമ്പെങ്ങുമില്ലാത്തവിധം അത് അതിന്‍റെ മൂല്യം വളരെ വേഗം തെളിയിച്ചു. തുടക്കം മുതൽ 15 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിൽ നിന്ന് രക്ഷിക്കപ്പെട്ടു.

മഹാത്മാഗാന്ധി പറഞ്ഞത് പോലെ “പരിഹാസം ഒരു പ്രസ്ഥാനത്തെ തകർക്കുന്നതിൽ പരാജയപ്പെടുമ്പോൾ അത് ആദരവിന് തുടക്കമിടുന്നു”. സ്വതന്ത്ര ഇന്ത്യയിൽ ഇതിന്‍റെ ഏറ്റവും മികച്ച ഉദാഹരണം MGNREGA-യല്ലാതെ മറ്റൊന്നല്ല. ഈ പദ്ധതി അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി മോഡി അധികാരമേറ്റപ്പോൾ തന്നെ മനസ്സിലാക്കി. പകരം അദ്ദേഹം അതിനെ പരിഹസിക്കാനാണ് ശ്രമിച്ചത്. “നിങ്ങളുടെ പരാജയത്തിന്‍റെ ജീവനുള്ള സ്മാരകം” എന്നാണ് കോൺഗ്രസ് പാർട്ടിയെ ആക്രമിക്കുകയും അധിഷേപിക്കുകയും ചെയ്ത ഒരു പ്രസംഗത്തിൽ മോഡി MGNREGA-യെ ക്കുറിച്ച് പറഞ്ഞത്.മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള വർഷങ്ങളിൽ MGNREGA-യെ തകർക്കാൻ പരമാവധി ശ്രമിക്കുകയും അതിനെ ദുർബലപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രവർത്തകരുടെയും കോടതികളുടെയും പാർലമെന്‍റിലെ പ്രതിപക്ഷത്തിന്‍റെയും നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറാൻ നിർബന്ധിതരായി. പിന്നീട് പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട പരിപാടികളായ സ്വച്ഛ് ഭാരത്, പ്രധാൻ മന്ത്രി ആവാസ് യോജന എന്നിവയുമായി സമന്വയിപ്പിച്ചുകൊണ്ട് അതിന് ഒരു പുതിയ രൂപം നൽകാൻ സർക്കാർ ശ്രമിച്ചു. മാത്രമല്ല പുതിയതായി കൊണ്ടുവന്ന പദ്ധതികളായും പരിഷ്കാരങ്ങളായും അവ പാസാക്കപ്പെട്ടു, എന്നാല്‍ വാസ്തവത്തിൽ അവ കോൺഗ്രസ് പാർട്ടി നടപ്പിലാക്കിയ സംരംഭങ്ങളെ വേഷംമാറ്റി അവതരിപ്പിക്കൽ മാത്രമായിരുന്നു. തൊഴിലാളികൾക്കായുള്ള പണം അടയ്ക്കുന്നതിന് ഇടയ്ക്കിടെ കാലതാമസം നേരിട്ടു എന്നതും ജോലി നിരന്തരം നിഷേധിക്കപ്പെട്ടു എന്നതും മറ്റൊരു വാസ്തവമാണ്.

കൊവിഡ്-19 പകർച്ചവ്യാധിയും അത് അഴിച്ചുവിട്ട ദുരിതങ്ങളും മോദി സർക്കാരിനെ പരാജയത്തിന്‍റെ പൂർണ്ണതയില്‍ തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിച്ചിരിക്കുകയാണ്. താരതമ്യം ചെയ്യാനാകാത്ത വിധമുള്ള പ്രയാസങ്ങളും ഇതിനകം തന്നെ മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയും യുപി‌എയുടെ പ്രധാന ഗ്രാമീണ ദുരിതാശ്വാസ പദ്ധതികളിലേയ്ക്ക് മടങ്ങാന്‍ സർക്കാരിനെ ബാധ്യസ്ഥരാക്കി. വാക്കുകളേക്കാൾ പ്രവൃത്തികളാണ് പ്രധാനം. ഈ പദ്ധതിയുടെ മൊത്തത്തിലുള്ള വിഹിതം ഒരു ലക്ഷം കോടി രൂപയിലധികം വർദ്ധിപ്പിക്കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ധനമന്ത്രിയുടെ സമീപകാലത്തെ പ്രവർത്തി തന്നെയാണ് ഇക്കാര്യത്തിന് ഏറ്റവും വലിയ തെളിവും. 2020 മെയ് മാസത്തിൽ മാത്രം 2.19 കോടി കുടുംബങ്ങൾ ഈ നിയമത്തിലൂടെ ജോലി ആവശ്യപ്പെട്ടു. കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

കോൺഗ്രസ് പാർട്ടിയുടെ പദ്ധികളോടുള്ള അനിഷ്ടം ഉള്ളത് കൊണ്ട് തന്നെ പദ്ധതി അപ്പാടെ സ്വീകരിക്കേണ്ടി വന്നതിനെ ന്യായീകരിക്കാനും സ്വന്തം പദ്ധതിയായി അവതരിപ്പിക്കാനും മോദി സർക്കാർ ഇപ്പോഴും ചില വളച്ചൊടിച്ച യുക്തികൾ തേടുന്നുണ്ടാകാം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ പൊതുമരാമത്ത് പദ്ധതി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താൻ സഹായിക്കുക മാത്രമല്ല പഞ്ചായത്തിരാജിനെ രൂപാന്തരപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിന് സംഭാവന നൽകുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തത് എങ്ങനെയെന്ന് രാജ്യം തിരിച്ചറിയുന്നു. എല്ലാവർക്കും തുല്യവേതനം ഉറപ്പുവരുത്തുക, സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റ് ദുർബലരായ ജനവിഭാഗങ്ങൾ എന്നിവരെ ശാക്തീകരിച്ചുകൊണ്ട് ഇത് സാമൂഹ്യമാറ്റത്തിന് ചുക്കാന്‍ പിടിച്ചു. ഈ പദ്ധതി അവരെ സംഘടിക്കാൻ സഹായിക്കുകയും അന്തസ്സും ആത്മാഭിമാനവും നിറഞ്ഞ ഒരു ജീവിതം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ വസ്തുതകൾ മനസിലാക്കുന്നത് ഇന്നത്തെ പ്രതിസന്ധിയിൽ ഇന്ത്യയെ ശാക്തീകരിക്കുന്നതിന് നിർണായകമാകും.

ഇപ്പോൾ, നിരാശരായ തൊഴിലാളികൾ നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കൂട്ടമായി തിരിച്ചെത്തുകയും തൊഴിൽ നഷ്ടപ്പെടുകയും സുരക്ഷിതമല്ലാത്ത ഒരു ഭാവിയെ അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ, ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മാനുഷിക പ്രതിസന്ധിയാണ് നമ്മുടെ മുന്നിൽ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത്. അതുപോലെ തന്നെയാണ് MGNREGA-യുടെ മൂല്യവും, ഒരിക്കലും അത് ഇത്രയേറെ പ്രകടവും വ്യക്തവും അത്യന്താപേക്ഷിതവുമായിരുന്നിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവരുടെ വിശ്വാസം തിരിച്ചുപിടിക്കുന്നതിനെക്കൂടി കേന്ദ്രീകരിച്ചായിരിക്കണം നടപ്പാക്കേണ്ടത്. MGNREGA-യിൽ ഉള്‍പ്പെടുത്തി അവർക്ക് തൊഴില്‍കാർഡുകൾ നൽകുക എന്നതാണ് ഒരു അടിയന്തിരമായി എടുക്കേണ്ട മറ്റൊരു നടപടി. രാജീവ് ഗാന്ധി തുറന്ന പാതയിലൂടെ, ആ പുത്തന്‍ സംരംഭങ്ങളാൽ ശക്തിപ്പെട്ട പഞ്ചായത്തുകളെ മുന്‍നിരയിലേയ്ക്ക് ഒരു കേന്ദ്രീകൃത പദ്ധതിയാക്കി കൊണ്ടുവരേണ്ടതുണ്ട്. പൊതുമരാമത്ത് പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പഞ്ചായത്തുകളുടെ ശേഷി ശക്തിപ്പെടുത്തുകയും പഞ്ചായത്തുകൾക്കുള്ള ഫണ്ട് കൈമാറ്റത്തിന് മുൻഗണന നൽകുകയും വേണം. ജോലിയുടെ സ്വഭാവം തീരുമാനിക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്ക് നല്‍കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രാമങ്ങളിലെ അടിസ്ഥാന യാഥാർത്ഥ്യങ്ങളും തൊഴിലാളികളുടെ വരവ് ചെലവുകളും മറ്റ് ആവശ്യങ്ങളും കൂടുതല്‍ നന്നായി മനസ്സിലാക്കാനാകും. ഗ്രാമത്തിന്‍റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും ആവശ്യങ്ങൾക്കനുസൃതമായി ബജറ്റ് തയ്യാറാക്കാനും എവിടെ എപ്പോള്‍ ചെലവഴിക്കണമെന്നും അവർക്ക് നന്നായി അറിയാനാകും. കാർഷിക ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായുള്ള ആസ്തികളുടെ നിർമ്മാണത്തിന് തൊഴിലാളികളുടെ കഴിവുകൾ ഉപയോഗിക്കാം.

കുടിശ്ശിക തീർത്തും തൊഴിലില്ലായ്മ അലവൻസ് ഉറപ്പാക്കിയും തൊഴിലാളികൾക്ക് പണം നൽകുന്നതിനായി കാലതാമസം കുറയ്ക്കുന്ന രീതികള്‍ അവലംബിച്ചും ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ പണം നേരിട്ട് ജനങ്ങളുടെ കൈകളിൽ എത്തിയ്ക്കണം. പ്രവൃത്തിദിനങ്ങളുടെ എണ്ണം 200 ആക്കി ഉയർത്തണമെന്നും ഓരോ ഗ്രാമപഞ്ചായത്തുകളിലെയും വർക്ക് സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് മോദി സർക്കാർ ചെവികൊടുത്തിട്ടില്ല. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ MGNREGA-യ്ക്ക് ഓപ്പൺ-എൻഡ് ഫണ്ടിംഗ് ഉറപ്പാക്കണം.

MGNREGA അതിന്‍റെ മൂല്യം തെളിയിച്ചത് യു‌പി‌എ അധികാരത്തിലുണ്ടായിരുന്ന വർഷങ്ങളിൽ തുടർച്ചയായി മെച്ചപ്പെടുകയും പരിണമിക്കുകയും ചെയ്തതിനാലാണ്. സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ് വിപുലമായ സാമൂഹിക ഓഡിറ്റുകളും, സുതാര്യതയോടും കൂടി, മാധ്യമപ്രവർത്തകരുടെയും അക്കാദമിക് വിദഗ്ധരുടെയും സൂക്ഷ്മപരിശോധനയ്ക്കുള്ള തുറന്നുകാട്ടിയും, ഒരു ഓംബുഡ്സ്മാനെ നിയമിച്ചും ഇത് രൂപപ്പെടുത്തിയെടുത്തത്. മികച്ച രീതികൾ അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകളും ഇതില്‍ നിർണായക പങ്ക് വഹിച്ചു. ദാരിദ്ര്യ നിർമാർജനത്തിന്‍റെ ഏറ്റവും ഉദാത്തമായ മാതൃകയായി ഇത് ലോകമെമ്പാടും അറിയപ്പെട്ടു.

മോദി സർക്കാർ നീരസത്തോടെയാണെങ്കിലും പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നു. സർക്കാരിനോടുള്ള എന്‍റെ അഭ്യർത്ഥന ഇതാണ്, ഇത് ദേശീയ പ്രതിസന്ധിയുടെ കാലമാണ്, രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. ഇത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള പ്രശ്നവുമല്ല. നിങ്ങളുടെ കയ്യില്‍ ഇപ്പോള്‍ ശക്തമായ ഒരു സംവിധാനം ഉണ്ട്, ദയവായി ഇന്ത്യയിലെ ജനങ്ങളെ അവർക്ക് അത്യാവശ്യമുള്ള ഈ സമയത്ത് സഹായിക്കാൻ ഇത് ഉപയോഗിക്കുക.

– സോണിയാ ഗാന്ധി