‘ഇത് ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ക്രൂരപീഡനമാണ്, ഉറക്കം നടിക്കരുത്’ : മന്ത്രി കെ.കെ ഷൈലജയോട് വി.ടി ബല്‍റാം എം.എല്‍.എ

 

പാലത്തായി പീഡനക്കേസും വാളയാർ കേസിന്‍റെ വഴിയേ ആണെന്ന് ചൂണ്ടിക്കാട്ടി വി.ടി ബല്‍റാം എം.എല്‍.എ. കേസിലെ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയായ പത്മരാജനെതിരെ ജാമ്യം ലഭിക്കാവുന്ന തരത്തില്‍ നിസാരവകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ പൊലീസിന് പ്രതിയുടെ കോള്‍ ലിസ്റ്റ് കിട്ടിയിട്ടില്ലെന്നും വി.ടി ബല്‍റാം പരിഹസിക്കുന്നു.

തന്‍റെ സ്വന്തം മണ്ഡലത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന ക്രൂര പീഡനം ലാഘവത്തോടെ നോക്കിക്കാണുകയാണ് ശിശുക്ഷേമവകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രി കെ.കെ ഷൈലജ ചെയ്യുന്നത്. പാലത്തായി കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഏറ്റെടുക്കണമെന്ന് വി.ടി ബല്‍റാം പറയുന്നു. വിഷയത്തില്‍ ഉറക്കം നടിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

വാളയാറിന്‍റെ വഴിയേ തന്നെയാണ് പാലത്തായിയിലെ സ്ക്കൂൾ വിദ്യാർത്ഥിക്ക് നേരെ അതിക്രൂരമായ ലൈംഗികാക്രമണം നടത്തിയ കേസും പോയിക്കൊണ്ടിരിക്കുന്നത്. അധ്യാപകനും ബിജെപി നേതാവുമായ പ്രതി പത്മരാജനെതിരെ നിസാര വകുപ്പുകൾ മാത്രം ചേർത്തുകൊണ്ടുള്ള തട്ടിക്കൂട്ട് കുറ്റപത്രമാണ് പോലീസ് തയാറാക്കി കോടതിക്ക് മുമ്പാകെ ഇന്ന് സമർപ്പിച്ചിട്ടുള്ളത് എന്ന ഗുരുതരമായ ആക്ഷേപം ഉയർന്നു വരികയാണ്. വിദ്യാർത്ഥിനി ലൈംഗികാക്രമണത്തിന് ഇരയാക്കപ്പെട്ടു എന്ന് വൈദ്യ പരിശോധനയിലടക്കം വ്യക്തമായിട്ടും പോക്സോ നിയമത്തിലെ ശക്തമായ വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല എന്നാണ് മാധ്യമ വാർത്തകൾ. താരതമ്യേനെ ദുർബലമായ ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ വകുപ്പുകളാണത്രേ പോലീസ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞാൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇതിനാൽ വർധിക്കുകയാണ്.

പ്രതിയുടെ ടെലിഫോൺ കോൾ ലിസ്റ്റ് ഇതുവരേക്കും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ലത്രേ! രണ്ട് ദിവസം മുൻപ് മാത്രം അറസ്റ്റിലായ സ്വർണ്ണക്കള്ളക്കടത്തുകാരുടെ വരെ കോൾ ലിസ്റ്റ് ഇപ്പോൾ വിശദവാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞാടുന്നുണ്ട്. എന്നിട്ടാണ് മൂന്ന് മാസമായിട്ടും ഈ പീഡനക്കേസ് പ്രതിയുടെ കോൾലിസ്റ്റ് സംഘടിപ്പിക്കാൻ പിണറായി വിജയന്‍റെ പോലീസിന് കഴിയാതെ പോകുന്നത്!!

ബിജെപി നേതാക്കൾ പ്രതികളായി വരുന്ന മറ്റനേകം കേസുകളേപ്പോലെത്തന്നെ ഈ കേസും അട്ടിമറിക്കാനുള്ള നീക്കം തുടക്കം മുതലേ രാഷ്ട്രീയ, പോലീസ് തലങ്ങളിൽ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ മനപൂർവ്വം ഒഴിഞ്ഞുമാറിയ പോലീസിനും ആഭ്യന്തര വകുപ്പിനും നേരെ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വന്നിരുന്നു. പ്രതി അറസ്റ്റിലായിട്ടുണ്ടാകും എന്നാണ് താൻ കരുതിയിരുന്നത് എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സംസ്ഥാന ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജയുടെ അന്നത്തെ വാദം. എത്ര നിസ്സാരമായാണ് സ്വന്തം മണ്ഡലത്തിലെ ഒരു കൊച്ചു പെൺകുട്ടിയുടെ ദാരുണമായ പീഡാനുഭവത്തെ അമ്മ മനസ്സിന്‍റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന മന്ത്രി ശൈലജ നോക്കിക്കണ്ടത് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. പിന്നീട് പോലീസിൻ്റെ മൂക്കിൻ തുമ്പിൽ നിന്നു തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. എന്നാൽ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നു എന്നാണ് കാണാൻ കഴിയുന്നത്.

ആരോഗ്യ, കുടുംബക്ഷേമ, ശിശുക്ഷേമ വകുപ്പ് മന്ത്രി K K Shailaja Teacher ടെ ശ്രദ്ധക്ക്: ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിൻ്റെ വിഷയമാണ്. ഈ കുട്ടിക്ക് നീതി നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ജനപ്രതിനിധി എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും നിങ്ങൾ തന്നെ ഏറ്റെടുക്കണം. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്.

KK ShailajaProtection of Children from Sexual Offences (POCSO)vt balram mlaPalathai case
Comments (0)
Add Comment