മുഖ്യന് പി.ആര്‍ പരിരക്ഷ ഇതാദ്യമല്ല; ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിക്കായി പി.ആര്‍ ഇടപെടലെന്ന് വിവരം

Jaihind Webdesk
Thursday, October 3, 2024

തിരുവനന്തപുരം: പി.ആറിന്റെ സഹായം തേടേണ്ട ആവശ്യം തനിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി നില്‍ക്കുന്നത് പി.ആര്‍ അഭിമുഖ വിവാദത്തില്‍. കഴിയുംവിധത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടയിലാണ് പുതിയ വിവരങ്ങള്‍ പുറത്താകുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പി ആര്‍ ഏജന്‍സി ഇടപെട്ടിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ചില മാധ്യമപ്രവര്‍ത്തകരെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ചോദ്യങ്ങള്‍ നേരത്തെ എഴുതി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ നല്‍കാം, പക്ഷേ ചിലപ്പോള്‍ അഭിമുഖത്തിന് ഇടയ്ക്കും ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇക്കണോമിക് ടൈംസ് എന്നിവയില്‍ അഭിമുഖം വരുത്താനാണ് പിആര്‍ ഏജന്‍സി ശ്രമിച്ചത്. ഈ പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ചോദ്യങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാന്‍ പറഞ്ഞു. പക്ഷേ ദ ഹിന്ദുവിന് മാത്രമാണ് നിലവില്‍ അഭിമുഖം നല്‍കിയത്. ആ അഭിമുഖമാണ് ഇപ്പോള്‍ വിവാദത്തിലായതും.അതേസമയം പി ആര്‍ ഏജന്‍സി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തില്‍ ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. പിആര്‍ ഏജന്‍സി പറഞ്ഞ പ്രകാരമാണ് മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് ദ ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങള്‍ കൂട്ടുന്നു എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്.