വാര്‍ഷിക ആഘോഷമല്ല, ഇത് വാര്‍ഷിക ധൂര്‍ത്ത് ; കടബാധ്യത 6 ലക്ഷം കോടിയിലേയ്ക്കു കുതിക്കുമ്പോഴും ദീവാളികുളിച്ച് സര്‍ക്കാര്‍

Jaihind News Bureau
Sunday, April 20, 2025

സംസ്ഥാനത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും സര്‍ക്കാരിന്റെ നാലാം വാര്‍ഷികധൂര്‍ത്തിന് ചെലവാക്കുന്നത് കോടികള്‍ . ഓരോ ജില്ലയിലും ഇതിനായി കൂറ്റന്‍ പന്തല്‍ നിര്‍മ്മിക്കാനായി മാത്രം 42 കോടി ചെലവാക്കും. പിആര്‍ഡി വഴിയും വകുപ്പുകള്‍ വഴിയും വാര്‍ഷിക ധൂര്‍ത്തിനായി ചെലവാക്കുന്നത് ഭീമമായ തുകയാണ്. വിവിധ വകുപ്പുകളില്‍ നിന്നായി തുക നേരത്തെ തന്നെ ആഘോഷപരിപാടികള്‍ക്ക് അനുവദിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടേയും വിഹിതം കൂടെ ആകുമ്പോള്‍ നാലാം വാര്‍ഷിക ചെലവ് 500 കോടി കവിയുമെന്ന് വ്യക്തം.

സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ പേരില്‍ പാര്‍ട്ടി സഖാക്കന്മാര്‍ക്കും സില്‍ബന്ധികള്‍ക്കും വന്‍ തുകയുടെ കരാറുകള്‍ നല്‍കിയുള്ള ധൂര്‍ത്തിനാണ് കേരളം ഇനി സാക്ഷിയാകുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് ശീതീകരിച്ച കൂറ്റന്‍ പന്തലുകള്‍ക്കുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും കിഫ്ബി 3 കോടി രൂപ വീതം ഐഐഐസിക്കു നല്‍കും. 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.ഇവന്റ് മാനേജ്മെന്റ് കമ്ബനികളുടെ കണ്‍സോര്‍ഷ്യം സൗകര്യങ്ങള്‍ ഒരുക്കും . നാലാം വാര്‍ഷികത്തിന്റെ പരസ്യ പ്രചരണത്തിനായി 25.91 കോടി നേരത്തെ അനുവദിച്ചിരുന്നു. പി.ആര്‍.ഡി വഴിയാണിതു നടപ്പാക്കുക. ടൂറിസം വകുപ്പിന്റെ വകയായി 1.65 കോടിയും അനുവദിച്ചിരുന്നു. സര്‍ക്കാര്‍ ബജറ്റിനു പുറമേ പൊതുമേഖല സ്ഥാപനങ്ങളുടെയും മറ്റ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിഹിതം കൂടെ ആകുമ്പോള്‍ നാലാം വാര്‍ഷികധൂര്‍ത്ത് 500 കോടി കവിയും.

പി. ആര്‍. ഡി വഴി അനുവദിച്ച 25.91 കോടിയില്‍ 15.63 കോടിയും മുഖ്യമന്ത്രിയുടെ ഹോര്‍ഡിംഗുകള്‍ സംസ്ഥാനത്ത് തലങ്ങും വിലങ്ങും സ്ഥാപിക്കാനാണ്. കടബാധ്യത 6 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോഴും ധൂര്‍ത്ത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകള്‍ ആണ് നാലാം വാര്‍ഷിക ചെലവുകള്‍ ഉത്തരവുകളില്‍ നിന്ന് വ്യക്തമാകുന്നത്.