ഇത് പ്രതിപക്ഷത്തിന്‍റെ വിജയം; അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

Jaihind News Bureau
Tuesday, March 25, 2025

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് ജലവിഭവ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. നിയമസഭ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നത്.

ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കി മലയോര ജനതയെ ഏറെ പ്രതിസന്ധിയില്‍ ആക്കുന്ന ജലവിഭവ വകുപ്പിന്‍റെ ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താനുള്ള വിവാദ ഉത്തരവാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമസഭയില്‍ റദ്ദാക്കിയത്. മോന്‍സ് ജോസഫ് ആണ് ഇതു സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രതിസന്ധി നേരിടുന്ന മലയോര ജനതയ്ക്കു സര്‍ക്കാര്‍ ഏല്പിച്ച മറ്റൊരു ഇരുട്ടടിയാണ് വിവാദ ഉത്തരവെന്നദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളില്‍ ഇത് ഗുരുതര പ്രശ്‌നം ഉണ്ടാക്കുന്നതായദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുതര വിഷയമാണ് ഇതെന്നും സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ കടുത്ത സമ്മര്‍ദ്ദത്തിന് ഒടുവില്‍ 2024 ഡിസംബര്‍ 26 ലെ വിവാദ ഉത്തരവ് പിന്‍വലിക്കുമെന്ന് ജലവിഭവ മന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. ഡാമുകള്‍ക്ക് സമീപം താമസിക്കുന്ന ആയിരകണക്കിന് കുടുംബങ്ങളുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായത്. പ്രതിപക്ഷ വാദങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായതിനെ പ്രതിപക്ഷം സ്വാഗതം ചെയ്തു. അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കുന്ന അപൂര്‍വതയ്ക്ക് ആണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.