സിപിഐക്ക് ഇത് അവഗണനയുടെ കാലം; മുഖ്യമന്ത്രിക്ക് ഇപ്പോഴും പ്രിയം അജിത്കുമാറിനോട് തന്നെ; സിപിഐയുടെ ഭാവിയെന്ത്?

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ നേരിടുന്നത് സമാനതകളില്ലാത്ത അവഗണനയാണ്. സിപിഐ ഉന്നയിക്കുന്ന പല വിഷയങ്ങളിലും ഒന്നു മുഖംകൊടുക്കുക പോലും ചെയ്യുന്നില്ല എല്‍ഡിഎഫ്. കാര്യഗൗരവത്തോടെ ഓരോ വിഷയങ്ങള്‍ മുന്നണിക്ക് മുന്നില്‍ അവതരിപ്പിക്കുന്നുവെങ്കിലും അവഗണന മാത്രമാണ് ഫലം.

ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ എം മുകേഷിനെതിരെ ഉയര്‍ന്നു വന്ന ലൈംഗിക പരാതിക്ക് പിന്നാലെ മുകേഷ് രാജിവെക്കണമെന്ന് സിപിഐ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിട്ടും കണ്ടഭാവം നടിച്ചില്ല സിപിഎം. ഇപ്പോള്‍ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് ആവര്‍ത്തിച്ചുപറയുന്ന സിപിഐയുടെ വാദങ്ങള്‍ ഖണ്ഡിക്കുന്നതാണ് എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തില്‍ തങ്ങള്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയ ഉദ്യോഗസ്ഥന്‍ നല്‍കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി അതേപടി അംഗീകരിക്കുമോയെന്ന് ഉറ്റുനോക്കുകയാണു സിപിഐ. ആഭ്യന്തരവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനും, മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തള്ളാനുള്ള സാധ്യത സിപിഐ കാണുന്നില്ല. അങ്ങനെവന്നാല്‍ മുന്നണിക്കുള്ളില്‍ എങ്ങനെ നേരിടണമെന്ന ചോദ്യം പാര്‍ട്ടിയിലുയര്‍ന്നിട്ടുണ്ട്. ഈ ആട്ടുംതുപ്പും സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് വരെ അണികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ സിപിഐ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ സിപിഐയെ പൂര്‍ണമായും അപമാനിക്കുംവിധമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പ്രതിപക്ഷം ഉന്നയിച്ചത് പോലെ തൃശൂരില്‍ പൂരം കലക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ബിജെപിയും സിപിഎമ്മും ശ്രമിച്ചുവെന്ന് സിപിഐക്കും അറിയാം. അതുകൊണ്ടുതന്നെ ഒരു ഉദ്യോഗസ്ഥന്റെ വീഴ്ചയായി അതിനെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമം പാര്‍ട്ടി അംഗീകരിക്കുന്നില്ല. തങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ ഏതുവരെയും പോകുമെന്ന് മന്ത്രി കെ.രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞതും ഈ സൂചനയോടെയാണ്.

തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ അവഗണന നേരിടാന്‍ നിന്നുകൊടുക്കരുതെന്ന വികാരം സിപിഐയില്‍ ശക്തമാണ്. അണികളും ഇത് പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മറ്റന്നാള്‍ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി യോഗം നാഗ്പുരില്‍ ആരംഭിക്കുകയാണ്. മുന്നണി വിടുന്ന കാര്യങ്ങളടക്കം ചര്‍ച്ചയാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Comments (0)
Add Comment