
എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ യെ പോലും പിണക്കി പി എം ശ്രീ പദ്ധതിയുമായി മുഖ്യമന്ത്രി മുന്നോട്ടുപോകുന്നത് കേന്ദ്രസര്‍ക്കാരുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എം പി. കള്ളവോട്ട് നീക്കം ചെയ്യുന്നതിന് പകരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ നടപ്പാക്കുകയാണ്. ഇത് ബിജെപിയെ സഹായിക്കാനാണെന്നും എം.പി ആരോപിച്ചു. വയനാട്ടിലെ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജെബി മേത്തര്‍ എം പി.
ബിജെപിയുടെ വിജയം ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അതിന് കൃത്യമായ മറുപടി നല്‍കാതെ ബിജെപിക്ക് കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നും എം.പി പറഞ്ഞു. പി.എം.ശ്രീ പദ്ധതിയെ എതിര്‍ക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.