‘ഈ വീട് ജനങ്ങള്‍ നല്‍കിയത്; തളർത്താനാവില്ല, മോദി സർക്കാരിനെതിരെ പോരാട്ടം തുടരും’; ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, April 22, 2023

 

ന്യൂഡൽഹി: ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുല്‍ ഗാന്ധി. 19 വർഷമായി താമസിച്ചുവന്ന 12 തുഗ്ലക് ലെയ്നിലെ വസതി ഒഴിഞ്ഞ രാഹുല്‍ 10 ജന്‍പഥില്‍ അമ്മ സോണിയാ ഗാന്ധിയുടെ വീട്ടിലേക്ക് മാറി. ഈ വീട് രാജ്യത്തെ ജനങ്ങൾ നൽകിയതായിരുന്നെന്ന് രാഹുൽ പറഞ്ഞു. സത്യം പറയുന്നതിന്‍റെ വിലയാണ് താന്‍ നല്‍കുന്നത്, അതിന് എന്തുവില കൊടുക്കാനും താന്‍ തയാറാണ്. മോദി സർക്കാരിനെതിരെ ഉയർത്തിയ പോരാട്ടം തുടരുമെന്നും ഇതുകൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സോണിയാ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കുമൊപ്പമാണ് രാഹുൽ മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാല്‍ എംപിയും ഒപ്പമുണ്ടായിരുന്നു.

അയോ​ഗ്യനാക്കപ്പെട്ട നടപടിക്കെതിരെ നിയമ പോരാട്ടം തുടരുമെന്ന് കെ.സി വേണു​ഗോപാൽ എംപി പറഞ്ഞു. ഇത്തരം നടപടികൾ കൊണ്ടൊന്നും അദ്ദേഹത്തെ നിർവീര്യനാക്കാമെന്ന് മോദി സർക്കാർ വിചാരിച്ചാൽ അത് നടക്കില്ലെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.

മോദി പരാമർശത്തിലെ സൂറത്ത് കോടതി വിധിയെ തുടർന്ന് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വസതി ഒഴിയണമെന്ന് കാട്ടി ലോക്സഭാ ഹൗസിംഗ് കമ്മിറ്റി രാഹുലിന് കത്തയച്ചിരുന്നു. അപകീർത്തി കേസിലെ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  അപ്പീല്‍ നല്‍കിയെങ്കിലും സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ല. ഇതിന് പിന്നാലെയാണ് തുഗ്ലക് ലെയ്നിലെ ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധി ഒഴിഞ്ഞത്.