K.C VENUGOPAL MP| ഈ സര്‍ക്കാര്‍ കുടിശ്ശിക സര്‍ക്കാര്‍; യുവാക്കളുടെ ശാപം ലഭിച്ച സര്‍ക്കാരാണ് ഭരിക്കുന്നത്- കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Sunday, July 13, 2025

2019 ലെ ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴും ജീവിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇതിനിടയിലുണ്ടായ വിലക്കയറ്റവും മറ്റ് ബുദ്ധിമുട്ടുകളും സര്‍ക്കാര്‍ ജീവനക്കാരെ വലയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ന് ശേഷം അര്‍ഹമായ ഡി.എ പോലും അവര്‍ക്ക് ലഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ കുടിശ്ശിക സര്‍ക്കാരാണ്. ശമ്പളമായാലും, ക്ഷേമനിധിയായാലും, ഡി.എ ആയാലും കുടിശ്ശികയാക്കുന്ന സര്‍ക്കാരാണ് ഭരിക്കുന്നത്. അര്‍ഹരായ തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുന്നതിന് പകരം മുപ്പതിനായിരത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നത്. യുവാക്കളുടെ ശാപം ലഭിച്ച സര്‍ക്കാരാണിത്. ഈ സര്‍ക്കാരിനെ കൊണ്ട് ജീവനക്കാര്‍ പൊറുതിമുട്ടിയത് കൊണ്ടാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടില്‍ പോലും യുഡിഎഫ് മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷാ ഈയടുത്ത് പറഞ്ഞത് 10 വര്‍ഷം കഴിഞ്ഞാല്‍ ഇംഗ്ലീഷ് അറിയാമെന്ന് പറയുന്നവര്‍ ലജ്ജിക്കുന്ന അവസ്ഥ എത്തുമെന്നാണ്. ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. നമ്മുടെ കേരളത്തില്‍ വന്ന് അദ്ദേഹത്തിന് അത് പറയാനുള്ള ധൈര്യമുണ്ടോ? ഇതേ ഇംഗ്ലീഷ് ഭാഷ പഠിച്ചതുകൊണ്ടാണ് മലയാളി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പോയി വിദ്യാഭ്യാസവും തൊഴിലും മെച്ചപ്പെട്ട ജീവിതവും സമ്പാദിച്ചത്. നിലവിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാം അറുതിയുണ്ടാകും. അടുത്ത തവണ കെ.ജി.ഒ.യു സ്ഥാപക സമ്മേളനം ആഘോഷിക്കുമ്പോള്‍ കേരളം ഭരിക്കുന്നത് യുഡിഎഫ് മുഖ്യമന്ത്രി ആയിരിക്കും. കൊല്ലത്ത് നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ 41-ാം സ്ഥാപക ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.