
55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. മികവിന്റെ കിരീടം ചൂടിയ മഹാനടന്‍ മമ്മൂട്ടിക്ക് ചെന്നിത്തല പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ പ്രിയ സുഹൃത്ത് മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍,’ അദ്ദേഹം പറഞ്ഞു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി, മമ്മൂട്ടിയെന്ന മഹാനടന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയനായ കഥാപാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് എട്ടാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. ചെറിയൊരു ഇടവേള രോഗത്തിന്റെ പിടിയിലായ ശേഷം ആരാധകരെ ആനന്ദഭരിതരാക്കിയാണ് മമ്മൂട്ടി തിരികെ എത്തിയത്. രണ്ടാം വരവിനുള്ള വരദാനമായിട്ടാണ് അഭിനയ മികവിന്റെ ഈ പൊന്‍തൂവല്‍ കാണുന്നത്. മലയാളിയുടെ പൗരുഷത്തിന്റെ പ്രതീകമായ മമ്മൂട്ടിയില്‍ നിന്ന് ഇനിയും എത്രയോ മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ നമ്മെ കാത്തിരിക്കുന്നു’ ചെന്നിത്തല കുറിച്ചു.
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഷംല ഹംസയ്ക്കും ചെന്നിത്തല അഭിനന്ദനം അറിയിച്ചു. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഷംലയെ ഈ വലിയ നേട്ടത്തിന് അര്‍ഹയാക്കിയത്. കൂടാതെ, മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയ ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിദംബരം, മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഫാസില്‍ മുഹമ്മദ് എന്നിവര്‍ക്കും അദ്ദേഹം ഹൃദ്യമായ അഭിനന്ദനങ്ങള്‍ അറിയിച്ചു. 55-ാമത് സംസ്ഥാന അവാര്‍ഡ് നേടിയ മുഴുവന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.