കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. ഭാഗ്യം ലഭിച്ച ടിക്കറ്റ് വിറ്റത് പാലക്കാട് നിന്നാണ്. ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. അപ്രതീക്ഷിതമായ മഴയെയും ജിഎസ്ടി മാറ്റത്തെയും തുടര്‍ന്ന് ഏജന്റുമാരുടെ അഭ്യര്‍ഥന പ്രകാരമാണ് സെപ്റ്റംബര്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ, തിരുവോണം ബമ്പര്‍ ആകര്‍ഷകമായ മറ്റ് സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. കൂടാതെ, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയുള്ള സമ്മാനങ്ങളും 5,000 രൂപ മുതല്‍ 500 രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുന്നു.
തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് മുന്നോടിയായി, അടുത്ത ബമ്പറായ പൂജാ ബംപര്‍ ടിക്കറ്റിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍വ്വഹിച്ചു. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്. ആന്റണി രാജു എം.എല്‍.എ, വി.കെ. പ്രശാന്ത് എം.എല്‍.എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.