Thiruvonam Bumper| തിരുവോണം ബമ്പര്‍: 25 കോടിയുടെ ഭാഗ്യം ആലപ്പുഴ തുറവൂര്‍ സ്വദേശിക്ക്

Jaihind News Bureau
Monday, October 6, 2025

ആലപ്പുഴ: ദിവസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ഭാഗ്യശാലി ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ്. നായര്‍ ആണെന്ന് സ്ഥിരീകരിച്ചു. നെട്ടൂരില്‍ നിന്ന് എടുത്ത ലോട്ടറി ടിക്കറ്റ് ശരത് ഇന്ന് ബാങ്കില്‍ ഏല്‍പ്പിച്ചു. നെട്ടൂരില്‍ ഒരു പെയിന്റ് കടയിലെ ജീവനക്കാരനാണ് ശരത്.

സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശരത് എസ്. നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വീട്ടുകാര്‍ വളരെ സന്തോഷത്തിലാണ്. നറുക്കെടുപ്പ് സമയത്ത് ഞാന്‍ ഓഫീസിലായിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ ലോട്ടറികള്‍ വല്ലപ്പോഴും എടുക്കാറുണ്ടെങ്കിലും ആദ്യമായാണ് തിരുവോണം ബമ്പര്‍ എടുക്കുന്നത്. പണം ഉപയോഗിച്ച് എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല, ഇനി അത് ചെയ്യണം,’ ശരത് പറഞ്ഞു.

ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞിട്ടും ഭാഗ്യശാലി ആരാണെന്നത് സംബന്ധിച്ച് വ്യക്തത വരാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. നെട്ടൂരിലെ ഒരു സ്ത്രീക്കാണ് സമ്മാനം ലഭിച്ചതെന്നും അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നുമെല്ലാം അഭ്യൂഹങ്ങള്‍ പരന്നിരുന്നു.