കൊവിഡ് പ്രതിരോധത്തെക്കാള്‍ സിപിഎമ്മിന് പ്രധാനം തിരുവാതിര കളി; രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, January 16, 2022

കൊച്ചി : കൊവിഡ് പ്രതിരോധത്തെക്കാൾ സിപിഎമ്മിന് പ്രധാനം തിരുവാതിര കളിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 31 വരെയുള്ള എല്ലാ പരിപാടികളും യുഡിഎഫ് മാറ്റിവെച്ചു. എന്നാൽ സിപിഎമ്മിന്‍റെ പാർട്ടി പരിപാടികൾ ഇപ്പോഴും  നടക്കുകയാണ്. ആരാണ് മരണത്തിന്‍റെ വ്യാപാരികളെന്നും അദ്ദേഹം ചോദിച്ചു.

കെ റെയിലില്‍ പ്രതിപക്ഷം ചൂണ്ടിക്കാണിച്ച ആശങ്കകള്‍ തന്നെയാണ് ഡിപിആറില്‍ നിന്ന് വ്യക്തമാകുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. വേലിയല്ല, മതില്‍ തന്നെ കെട്ടാനാണ് ഡിപിആർ നിർദേശിക്കുന്നത്. റെയിലിന് ചുറ്റും 200 കിലോമീറ്ററോളം മതിൽ കെട്ടുണ്ടാവും. 40 അടിയോളം ഉയരത്തിലാവും ഇത് നിർമിക്കേണ്ടിവരിക.  മഴക്കാലത്ത് ഈ കോറിഡോർ ഡാം പോലെയാകും. പരിസ്ഥിതി ലോല പ്രദേശത്ത് കൂടിയല്ല കെ റെയിൽ കടന്നുപോവുന്നതെന്ന വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.