തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയില്‍

Jaihind News Bureau
Wednesday, April 23, 2025

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് സംഘം പിടികൂടുന്നത് കൊലപാതകം പുറത്തറിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശിയും വിജയകുമാറിന്റെ വീട്ടിലെ മുന്‍ ജോലിക്കാരനുമാണ് പിടിയിലായ അമിത് ഉറാങ്ങ്. ഇന്നലെ രാത്രിയില്‍ ട്രെയിന്‍ മാര്‍ഗമാണ് പ്രതി കോട്ടയത്ത് നിന്നും എറണാകുളം വരെ എത്തിയതെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. ഇവിടെ നിന്നും ഇയാള്‍ പെരുമ്പാവൂര്‍ വരെ ബസില്‍ എത്തി. തുടര്‍ന്ന് തൃശൂരിലേയ്ക്ക് ബസ് മാര്‍ഗം രക്ഷപെടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെയും കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം ഇയാളെ പിന്‍തുടരുകയായിരുന്നു.

ഗാന്ധിനഗര്‍ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഇടയ്ക്ക് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും, ജി-മെയില്‍ ഉപയോഗിച്ചതും കേസില്‍ നിര്‍ണ്ണായകമായി മാറി. ഇയാളുടെ യാത്രാ വിവരങ്ങള്‍ അടക്കം പൊലീസ് സംഘം കൃത്യമായി പിന്‍തുടരുന്നുണ്ടായിരുന്നു. രാത്രി മുഴുവന്‍ പിന്‍തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതി അസം സ്വദേശി അമിത് ഒറാങ്ങിനെ ഉടൻ കോട്ടയത്ത് എത്തിക്കും. തൃശ്ശൂർ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. രാവിലെ 8.30 ഓടെ പ്രതിയുമായി പോലീസ് സംഘം കോട്ടയത്തേക്ക് പുറപ്പെട്ടു. മാളയിൽ ഒരു കോഴി ഫാമില്‍ ഇതരസംസ്ഥാന ത്തൊഴിലാളികള്‍ക്കൊപ്പമാരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച്‌ വിവരം ലഭിച്ചത്.. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു.. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്..

ഇന്നലെ രാവിലെയാണ് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്. വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങള്‍ ആദ്യം കാണുന്നത്. ശേഷം നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. ജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്യ സംസ്ഥാന തൊഴിലാളിയിലേക്ക് അന്വേഷണം എത്തിയത്.