തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി റോഡ്: മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം; എം ബി രാജേഷിനെ ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കി

Jaihind News Bureau
Wednesday, May 21, 2025

സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം പൊടിപൊടിക്കുമ്പോള്‍ മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡിനെച്ചൊല്ലിയാണ് മന്ത്രിമാര്‍ക്കിടയില്‍ ഭിന്നത ശക്തമായത്. തദ്ദേശമന്ത്രി എം ബി രാജേഷിനെ ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കിയെന്നാണ് പരാതി.

പരസ്യങ്ങളിലും ഫ്‌ളക്‌സുകളിലും മന്ത്രി മുഹമ്മദ് റിയാസ് നിറഞ്ഞ് നിന്ന് തദ്ദേശ സ്വയംഭരണ മന്ത്രിയെ അവഗണിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച തര്‍ക്കവും പരാതിയും ശക്തമായതോടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്.

കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ
യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഉദ്ഘാടന സമയത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പൂർണ ക്രെഡിറ്റ് കൈപ്പിടിയിലാക്കിയതോടെയാണ് എം ബി രാജേഷ് പരാതിയുമായി മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചത്.