
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഴുവന്‍ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. കെപിസിസി ആഹ്വാനം ചെയ്തിരിക്കുന്ന മാര്‍ച്ച് രാവിലെ 10ന് ആശാന്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെ ആകെ പ്രതികൂട്ടിലാക്കുന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ എന്‍ വാസുവിന്റെ അറസ്റ്റ്. ഒരു ഉദ്യോഗസ്ഥന്‍ എന്നതിന് അപ്പുറത്തേക്ക് സിപിഎമ്മിന്റെ മാനസപുത്രനാണ് എന്‍ വാസു. പല ഘട്ടങ്ങിലും വാസുവിന് പദവികള്‍ നല്‍കാന്‍ സിപിഎം ഒരിക്കലും മടി കാണിച്ചിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു എന്ന വന്‍ മരത്തിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ തന്നെയാണ്. സിപിഎമ്മിന്റെ പോറ്റുമകനായ എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെ ഇനി ആര് എന്ന ചോദ്യം രാഷ്ട്രീയ കേരളം ചോദിക്കുകയാണ്.