തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിൽ പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജിന്‍റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നു രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനായിരുന്നു പോലീസുകാരനെ മർദ്ദിച്ചത്.
ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു മദ്യ ലഹരിയിൽ അതിക്രമം കാട്ടിയ പോലീസുകാരനെ നടുറോഡിൽ മർദ്ദിച്ചത്. മദ്യപിച്ച് ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിൽ കയറിയ ടെലികമ്യൂണിക്കേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർ ബിജുവിനാണ് മർദ്ദനമേറ്റത്. ഒരു മാസമായി ഇയാൾ ഓഫീസിൽ വരാറില്ലായിരുന്നു. ജോലിക്ക് ഹാജരാകാതിരുന്നതിന് നിലവിൽ വകുപ്പ്തല അന്വേഷണം നേരിടുകയാണ് ബിജു.
ഇന്ന് രാവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജിന്‍റെ വീട്ടിലാണ് ബിജു അതിക്രമിച്ചു കടന്നത്. പിന്നാലെ സെൽവരാജ്, സഹോദരൻ സുന്ദരൻ, സുഹൃത്ത് അഖിൽ എന്നിവർ ചേര്‍ന്ന് ബിജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പോലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ബിജുവിനെ മർദ്ദിച്ചതിന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്നതിന് പോലീസുകാരൻ ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. പട്ടത്തെ ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്താണ് ബിജു ജോലി ചെയ്യുന്നത്.