തലസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്: പ്രസവ ശേഷം യുവതി മരിച്ചു; എസ്എടി ആശുപത്രിക്ക് എതിരെ പരാതി

Jaihind News Bureau
Sunday, November 9, 2025

തലസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ്. പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടര്‍ന്ന് മരിച്ചു. എസ്എടി ആസുപത്രിക്കെതിരെയാണ് പരാതി. കരിക്കകം സ്വദേശി ശിവപ്രിയയാണ് മരിച്ചത്. 22ന് പ്രസവിച്ച ശിവപ്രിയ 26ന് ആശുപത്രി വിട്ടിരുന്നു. എന്നാല്‍ സ്ഥിതി വഷളായതോടെ വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്നും ഇത് മരണത്തിനിടയാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

രക്തപരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്. നില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സാ പിഴവ് മൂലമുള്ള രണ്ടാമത്തെ മരണമാണ് തലസ്ഥാനത്ത് നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചികിത്സാ പിഴവ് മൂലം ആവര്‍ത്തിക്കുന്ന മരണ കണക്കുകള്‍ വലിയ ഭീതിയാണ് സംസ്ഥാനത്ത് വര്‍ദ്ധിപ്പിക്കുന്നത്. ആരോഗ്യകേരളം നമ്പര്‍ വണ്‍ എന്ന് വീമ്പ് പറയുന്ന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ ഓരോന്നായി പൊളിഞ്ഞു വീഴുകയാണ്.