തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകി ; ഗുരുതര അനാസ്ഥ

Jaihind News Bureau
Sunday, October 4, 2020

 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം മാറി നൽകി. സംഭവത്തിൽ ആർഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന് പകരം അജ്ഞാതന്‍റെ മൃതദേഹം ആണ് ബന്ധുക്കൾക്ക് നൽകിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്.

ഇതിനിടെ  ദേവരാജന്‍റെ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം തുടങ്ങി. പ്രിൻസിപ്പലിന്‍റെ നിർദേശാനുസരണം ആർഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം . മൃതദേഹം കൈമാറിയ മോർച്ചറി ജീവനക്കാർക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ സംസ്കരിക്കുന്നതിന് തൊട്ടുമുൻപ് ദേവരാജന്‍റെ  മകൻ മൃതദേഹം തിരിച്ചറിഞ്ഞുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നു.