തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ യൂസർ ഫീ കൂട്ടാൻ നീക്കം. വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്‍റനൻസിന് വേണ്ടിയാണ് രോഗികള്‍ക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന യൂസർ ഫീ കൂട്ടാനുള്ള നീക്കം നടക്കുന്നത്. ആശുപത്രി വികസന കമ്മിറ്റിയാണ് യൂസർ ഫീ കൂട്ടണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ആശുപത്രി വികസന ഫണ്ടോ ബജറ്റ് വിഹിതമോ തികയാത്തതാണ് നീക്കത്തിന് പിന്നിൽ. ഇതോടെ സാധാരണക്കാരായ രോഗികളാണ് ദുരിതത്തിലാകുന്നത്.
എംആർഐ, സിടി സ്‌കാൻ മെഷീനുകൾ അടക്കമുള്ളവയുടെ വാർഷിക അറ്റകുറ്റപ്പണിക്ക് കോടികൾ വേണ്ടിവരും. മൂന്നര കോടിയോളം രൂപയാണ് റേഡിയോ ഡയഗ്നോസിസ്, ന്യൂറോളജി, നെഫ്രോളജി, യൂറോളജി, കാർഡിയോ വാസ്‌കുലാർ, കാർഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ മെയിന്‍റനൻസിനായി ആവശ്യമായി വരുന്നത്. യൂസർ ഫീ കൂട്ടി ലഭിക്കുന്ന തുക ഇതിനായി വിനിയോഗിക്കാനാണ് ആശുപത്രി വികസന കമ്മിറ്റിയുടെ നീക്കം.
കോംപ്രഹെൻസീവ് ആനുവൽ മെയിന്‍റനൻസ് കോസ്റ്റ് എന്ന പേരിൽ യൂസർ ഫീ ഈടാക്കുന്ന എല്ലാ മെഷീനുകൾക്കും നിശ്ചിത തുക ആശുപത്രി വികസന കമ്മിറ്റി അടക്കേണ്ടതാണ്. ഇത് കടുത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കും എന്നതിനാലാണ് രോഗികള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന യൂസർ ഫീ വർധനവിന് ഒരുങ്ങുന്നത്. നിലവിൽ 1000 രൂപ യൂസർ ഫീ നൽകുന്ന സ്ഥാനത്ത് അതിന്‍റെ ഇരട്ടിയിലധികം ഈടാക്കാനാണ് ആലോചന.